പരിണാമം

പരാതികള്‍ സ്വയം
വിതുമ്പിത്തുടങ്ങുമ്പോള്‍
യൗവ്വനം നരച്ചുതുടങ്ങും.

നാള്വഴിച്ചുരുളുകള്‍
നിവര്‍ത്തിക്കഴയുമ്പോള്‍
ഭാഗദേയങ്ങള്‍
കെട്ടിപ്പൂട്ടിവെക്കുന്നിടത്ത്
യൗവ്വനം ഉറുമ്പരിച്ചുതുടങ്ങും.

സ്വപ്നങ്ങള്‍ ഉള്വലിഞ്ഞ്
കുതിരക്കുതിപ്പുകള്‍ കൊഴിഞ്ഞ്
മനസ്സ് ബന്ധിക്കപ്പെടുമ്പോള്‍
യൗവ്വനം രോഗാതുരമാകും.

ചെയ്തൊഴിഞ്ഞ വഴികളില്‍
പിന്തിരിഞ്ഞ് നോക്കുമ്പോള്‍,
ഉഴുതുമലര്‍ത്തിയ
സ്വപ്നങ്ങള്‍ ലോപിച്ച്
നഷ്ടങ്ങളായെന്ന തീര്ച്ചയില്‍
വിലപിക്കുമ്പോള്‍,
പോകാനുള്ള വഴിയില്‍
അറച്ചുനില്‍ക്കുന്നിടത്ത്
യൗവ്വനം പിന് വാങ്ങിത്തുടങ്ങും

കാത്തുപോന്ന ബിംബക്കാഴ്ചകള്‍
മങ്ങിത്തുടങ്ങുമ്പോള്‍,
ഇന്നലേകളെ താലോലിച്ച്
ഇന്നിന്റെ അസ്വസ്ഥതകളില്‍
നെടുവീര്‍പ്പിടുന്നിടത്ത്
യൗവ്വനം തിരിഞ്ഞുനടക്കും

ചാറ്റലില്‍ തുടങ്ങി,
പെരുമ്പറമഴക്കൊടുവില്‍
മരപ്പെയ്ത്തും മറന്ന്
നനവറ്റിയ ഓര്‍മ്മച്ചില്ലകള്‍
അടര്‍ന്നുതുടങ്ങുന്നിടത്ത്
യൗവ്വനം മരിച്ചുതുടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ