പ്രവാസി

നാടുവിടാത്ത മനസ്സുമായ്
നാടകന്ന പലായകന്‍
അറ്റവയറൊളിപ്പിച്ച കുപ്പായത്തില്‍
അത്തറുപൂശി നടക്കുന്നവന്‍
പൊലിഞ്ഞ കാലം പാകിയ നരകള്‍
ചായം തേച്ച് മറക്കുന്നവന്‍
ചാനലില്‍ പെരുമഴക്കുളിരു കണ്ട്
ചുട്ടാവതിച്ചുറങ്ങുന്നവന്‍
ജൈവദാഹങ്ങളെ
കഴുത്തുഞെരിച്ച് കൊല്ലുന്നവന്‍
വിരഹമൊളിപ്പിച്ച് മരുമണ്ണില്‍
വിയര്‍ക്കുന്ന വിഹ്വലതകള്‍
കാത്തുവെച്ച മനഃക്കോട്ടകള്‍ കൊണ്ട്
തച്ചുടക്കുന്ന തീക്കട്ടകള്‍
ആശകളില്‍ നീന്തി
ആയുസ്സൊടുക്കുന്നവന്‍
സ്വര്‍ഗം വിറ്റ് സ്വപ്നം വാങ്ങിയവന്‍
കത്തും വയറുകളുറങ്ങുവാന്‍
കത്തുമീയുഷ്ണം തണുപ്പിക്കുന്നവന്‍
നാളെ ജീവിക്കാന്‍
ഇന്ന് മരിക്കുന്നവന്‍
തണുപ്പിച്ച കൂട്ടില്‍
തട്ടുകളിലടക്കിയ ജഡങ്ങള്‍
പെട്ടികളിലൊളിപ്പിച്ച മേല്‍വിലാസങ്ങള്‍
നാട്ടില്‍ അന്യന്‍
അന്യനാട്ടില്‍ അജ്ഞാതന്‍
രാജ്യമില്ലാത്ത കീടങ്ങള്‍
വോട്ടില്ലാത്തവന്‍,
നോട്ടുകള്‍ മാത്രം നല്കേണ്ടവന്‍

ഗള്‍ഫ്മാധ്യമം ആഗസ്റ്റ് 11 2009

1 അഭിപ്രായം: