മടക്കം

നിറഞ്ഞ ചിരികളില്‍ പടര്‍ന്ന വിഷാദമായ്
നിറങ്ങളാടും നിനവിന്ന് വിഘാതമായ്
അനന്തരവിധിയുടെ കറുത്ത വാക്ക്
അനുവാദമില്ലാതെ, വന്നു വിളിക്കുന്നു.

മറുത്തുചൊല്ലാതെ, വരണ്‍ട കണ്‍ഠത്തില്‍
കരുത്ത് കൊഴിഞ്ഞ വാക്കുകളിടറുന്നു
തനിക്കായ് ചവിട്ടിപ്പാഞ്ഞ കാലിണകള്‍
തനിച്ചു നിസ്സഹായം തരിച്ചുപോകുന്നു
വെട്ടുപ്പിടിച്ച സുഖസാമ്രാജ്യങ്ങളില്‍ തന്‍
ഓര്‍മകള്‍പോലും തിരിച്ചുപോകുന്നു

ബന്ധങ്ങളൂരി ബന്ധിച്ചുവെക്കയായ്
സ്വന്തം വിധികളെ നെഞ്ചത്തുചേര്‍‌ക്കയായ്
വെറിമുഴുത്തേറ്റിയ കിനാവുകളഴിച്ച്
വെളുത്തകച്ചയാലാപാദചൂഢം മറക്കയായ്

അരുതുകള്‍ക്കനുഭൂതി മണത്തുതന്ന
അതിരുകള്‍ മാന്തിക്കടന്ന കാഴ്ചകള്‍
കോരിത്തരിപ്പിച്ച സ്വര്‍ഗ്ഗങ്ങളൊക്കെയും
നേരമില്ലിനി, പൊലിഞ്ഞകന്നുപോകട്ടെ!

ഒട്ടുമോര്‍ത്തില്ല, മടങ്ങി, മണ്ണിന്‍ പശിമയി-
ലൊട്ടിച്ചേര്‍ന്ന് ശയിക്കുമെന്നൊരുദിനം
ഒരു തുള്ളിയെങ്കിലും ഹൃദയാന്തരത്തില്‍
കൊരുത്തുതെളിഞ്ഞ വെളിച്ചമില്ലല്ലോ!

വിളിക്കാതെ വന്ന വിരുന്നുകാരന്‍ -തെല്ലും
മടിക്കാതെ ദൈവകല്പന പാലിക്കവെ
കൊഴിഞ്ഞ നാള്വഴി ദൃഷ്ടിസാക്ഷ്യങ്ങളാല്‍
പകര്‍ത്തിയെഴുതിയത് നഷ്ടങ്ങളെന്നോ?

1 അഭിപ്രായം:

  1. വിളിക്കാതെ വന്ന വിരുന്നുകാരന്‍ -തെല്ലും
    മടിക്കാതെ ദൈവകല്പന പാലിക്കവെ
    കൊഴിഞ്ഞ നാള്വഴി ദ്രുഷ്ടിസാക്ഷ്യങ്ങളാല്‍
    പകര്‍ത്തിയെഴുതിയത് നഷ്ടങ്ങളെന്നോ?

    മറുപടിഇല്ലാതാക്കൂ