ചുളിവീണ വിരലുകള്‍

എവിടെ നിന്നൊക്കെയോ ചുരുങ്ങിച്ചുരുങ്ങി
എന്റെ ലോകം എന്നിലേക്ക്...

സ്നേഹം മുറിച്ച് വാങ്ങിയ അവര്‍
അടുത്തുണ്ടെങ്കിലും ഒരുപാടകലെ...
കൊതിച്ചതും വിധിച്ചതുമായ കാഴ്ചകളുടെ
ചുരം നീന്തിവന്ന കണ്ണുകള്‍
എന്നിലേക്ക് വലിഞ്ഞ് ഇപ്പോള്‍
പുരികമോന്തായം മാത്രം കാണാം.

കാണുന്ന സ്വപ്നങ്ങളില്‍
ഇല കൊഴിഞ്ഞ വേനല്‍മരം,
അന്തി, ബലിച്ചോറ്, കാക്കപ്പറക്കല്‍...

അരണ്ട കാഴ്ചവട്ടത്തിലെ
ഇരുളിമയില്‍ ഊറിവരുന്നത്
വെളുത്ത നിഴലുകളുടെ പിഴനൃത്തം.
വാവുഭേദങ്ങളില്ലാതെ
നോവുകളുടെ വാദകോലാഹലം.

വെള്ളം തോര്‍ന്ന് വളര്‍ന്ന മക്കള്‍
ഉള്ളിലൊളിപ്പിക്കാന്‍ ശ്രമിക്കും വെറുപ്പോടെ
കള്ളം പറയുന്നിപ്പോഴും: അമ്മേ!

ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ മല്‍സരത്തില്‍ സമ്മാനം നേടിയത്

2 അഭിപ്രായങ്ങൾ: