ജന്തു

ഉള്ളില്‍ ഒരു ജന്തു
പകല്‍‌വെട്ടത്ത് ഒളിച്ചുകടക്കുകയാണ്.
ഇല്ലാത്ത നേട്ടം ചുമത്തി
അഹങ്കരിച്ചുപെരുക്കുകയാണ്.
പുലരാത്ത മധുരം പുരട്ടി
ആള്‍ക്കൂട്ടങ്ങളില്‍ നിറയുകയാണ്.
മാന്യത്തിന്റെ പുറംതോടണിഞ്ഞ്
ഈ ഭീകരജന്തു.

എപ്പോഴാകുമെന്നറിയില്ല
വാപിളര്‍ത്തി പുറത്തുചാടുക
ആര്‍ത്തിനഖങ്ങള്‍
അനര്‍ഹതകളില്‍ കുത്തിയിറക്കുക
പരിചയിച്ച ചിരികളില്‍
ചതിവൂറിവരിക
അപരാവകാശങ്ങളെ കടിച്ചുകുടയുക
കൂടെപ്പിറന്നവര്‍ ഭാരമായ് മാറുക
കൂട്ടുനടന്നവര്‍ ചോരവാര്‍ന്നൊഴിയുക
അമ്മപെങ്ങന്‍‌മാര്‍ കെട്ടുകഥയാവുക.

ഈ ജന്തുവിന് വളം
സുലഭമാണ് ചുറ്റിലും
നമ്മളാണതിനെ പോറ്റിയത്
നമ്മുടെ മക്കളുടെ കരള്‍
കവര്‍‌ന്നാണത് വിശപ്പാറ്റുന്നത്
അവരുടെ നേരങ്ങളെ ധൂളിയായ്
പറത്തിയാണത് വിഹരിക്കുന്നത്

പിഴച്ച പരിസരത്തിന്റെ ചര്‍ദ്ദില്‍ കുടിച്ച്
കൊഴുത്തുമുറ്റിയ ജന്തു ഇപ്പോള്‍
വെറിമൂത്ത് ഗര്‍ജ്ജിക്കുകയാണ്.
വളരാന്‍ വിട്ട നമുക്ക്
ഒളിച്ചിരിക്കാന്‍ ഒരു ന്യായവുമില്ല.