സ്നേഹപ്പശ

ഭഗ്നസ്വപ്നങ്ങൾ അരുളിയ
തപ്തനിശ്വാസങ്ങൾക്കിടെ
കാലത്തിനകത്ത് കാത്തുവെച്ച
സ്നേഹത്തിന്റെ ഒരു തുളളി
എന്നെ തേടി വന്നിരിക്കുന്നു...

അപരിചിതമാം വഴിയരികെ
അറിയാതെ പുലർന്ന്
ഹൃദയത്തെ പുണരുന്നതിൻ
വശ്യമനോഹരസൗഹൃദം.

കേവല ദേഹങ്ങളകലെയെങ്കിലും
അണമുറിയാതെയെന്നെന്നും
മനസ്സരികെ വന്ന് പൂക്കുന്നു
സ്നേഹത്തിൻ അപാരവൃക്ഷം.

അതിൻ തണൽ തേടിക്കുതിക്കുന്നു,
കൊതിക്കുന്നുണ്ടെൻ ഹൃത്തടം
അരികത്തറിയണമാ സ്നേഹത്തിൻ
തപം പെയ്യും മോഹനസാമ്രാജ്യം!

പകലുറക്കം

ഉച്ഛാശ്വസത്തില്‍
ഒരു കര്‍മരഹിതന്റെ
ശവം നാറുന്നു.

ആലസ്യത്തിന്റെ
കാറ്റില്‍ എവിടെയോ
അത് ഒളിക്കുന്നു.

പകല്‍ കാണാന്‍ വന്ന
സ്വപ്നം
എന്തോ കണ്ട്
ഭയന്ന് മടങ്ങുന്നു.

സ്വപ്നനനഷ്ടത്തിന്റെ
പൊടിഞ്ഞ കാഴ്ചകള്‍
ഇരുള്‍ വിഴുങ്ങുന്നു.

തിക്തം

അനുസരണയില്ലാത്തവന്റെ
മൃതശരീരം
പുഴയെ വരിച്ച്
ജലരവങ്ങൾക്ക്
കാതോർത്ത്
ഊളിയിടുന്നതുപോലെ
എന്റെ രാത്രികൾ!

ലക്കില്ലാത്തവൻ
തൊടുത്ത പട്ടം
നൂൽബന്ധമില്ലാതെ
കാറ്റിന്റെ
താളത്തിനൊത്ത്
തുളളുന്നതെൻ
പകലുകൾ!