നൊസ്റ്റാള്‍ജിയ

കല്പമരത്തിന്റെ തണലില്‍ നിന്ന്
മരുപ്പച്ചതേടിയിറങ്ങിയവന്‍
ഈത്തപ്പനകളുടെ താഴെ
തെങ്ങോലകളെ സ്വപ്നം കാണുന്നത്,

കോണ്‍ക്രീറ്റ് ബ്രിക്കുകള്‍ക്കൊപ്പം
ഓര്‍ക്കിഡും ആന്തൂറിയവും
സ്വപ്നങ്ങളിള്‍ നട്ട് തിരിച്ചവന്‍
ഇമെയിലും ഫേസ്ബുക്കിലും
മുക്കുറ്റിയും കോളാമ്പിയും ചെമ്പരത്തിയും
കണ്ട് നെടുവീര്‍പ്പിടുന്നത്,

പ്ലാവ് പിഴുതിടത്ത് തറമാടിയതിനൊപ്പം
പ്രതീക്ഷകളും പാകിവന്നവന്
ചക്കച്ചൂര് ഊദിനെക്കാള്‍ മികച്ചതാവുന്നത്,

പുഴമത്സ്യങ്ങളില്‍ മനം‌പിരട്ടി
പരദേശം പ്രാപിച്ചവന്‍
ശീതപ്പെട്ടിയില്‍ മണവും നാളും മറന്ന
മത്തിയെങ്കിലും ആഗ്രഹിക്കുന്നത്,

മഴയും വെയിലും വെറുത്ത്
പുറപ്പെട്ട് പോന്നവന്‍
തുലാവര്‍ഷവും വേനല്‍പാടങ്ങളും
വിരഹചിന്തകളില്‍ കൊത്തിവെക്കുന്നത്,

കലിപ്പുകളൊരുപാട് തീര്‍ത്ത്
കടലുകടന്ന് പോയവന്
ചുടുനീര് കറന്ന പെണ്മിഴികള്‍
താലോലിക്കപ്പെടുന്ന ആശകളാകുന്നത്.