സ്നേഹപ്പശ

ഭഗ്നസ്വപ്നങ്ങൾ അരുളിയ
തപ്തനിശ്വാസങ്ങൾക്കിടെ
കാലത്തിനകത്ത് കാത്തുവെച്ച
സ്നേഹത്തിന്റെ ഒരു തുളളി
എന്നെ തേടി വന്നിരിക്കുന്നു...

അപരിചിതമാം വഴിയരികെ
അറിയാതെ പുലർന്ന്
ഹൃദയത്തെ പുണരുന്നതിൻ
വശ്യമനോഹരസൗഹൃദം.

കേവല ദേഹങ്ങളകലെയെങ്കിലും
അണമുറിയാതെയെന്നെന്നും
മനസ്സരികെ വന്ന് പൂക്കുന്നു
സ്നേഹത്തിൻ അപാരവൃക്ഷം.

അതിൻ തണൽ തേടിക്കുതിക്കുന്നു,
കൊതിക്കുന്നുണ്ടെൻ ഹൃത്തടം
അരികത്തറിയണമാ സ്നേഹത്തിൻ
തപം പെയ്യും മോഹനസാമ്രാജ്യം!