കെടാവിളക്ക്

ഊതിയണക്കുവാന്‍
പതിയിരുന്നിട്ടുണ്ട്,
കെട്ട കരിന്തിരിക്കായ്
കാത്തുനിന്നിട്ടുണ്ട്.
അണയാതെ തെളിഞ്ഞ
കനല്‍വെളിച്ചമായ്
പടര്‍ന്ന ചരിത്രമിന്നും
അണയാതെ നില്പ്പുണ്ട്.

പുറന്തള്ളപ്പെട്ട
ചതുപ്പിന്നാഴങ്ങളില്‍
നാടുവാഴുവാനാ-
യൊരുത്തനുയര്‍ന്നതും,
ത്യാഗാര്‍പ്പണത്തെ
സാര്‍ഥകമാക്കുവാന്‍
തീനാമ്പുകള്‍ തെല്ലിട
നിയോഗം മറന്നതും,
ചതിക്കു പിറകിലൊളിച്ച
പകയോങ്ങിയ കൈകള്‍
നിയോഗമറിഞ്ഞ് വിറച്ച്
ദയതേടിയുയര്‍ന്നതും,
മൂര്‍ച്ചയുറഞ്ഞുതുള്ളിയ
പ്രതികാരഖഡ്ഗം
ചാഞ്ചല്യമേശാത്ത
ധര്‍മത്തില്‍ പകച്ച്
പൂഴിയില്‍ പതിച്ചതും,
പടഹാരവങ്ങളില്‍
പതറാതെ പരിപാലക-
വിശ്വാസക്കൊടിക്കീഴില്‍
വിജയം വരിച്ചതും ,
ജീവനെക്കാളും
ധര്‍മത്തെ ലാളിച്ച
ധീരതക്കുമുന്നില്‍
അഹന്തയുടുത്ത
പാമരവേതാളങ്ങള്‍
നട്ടം തിരിഞ്ഞതും
ചരിത്രത്തിലിന്നും
അണയാതെ നില്പ്പുണ്ട്

പ്രബോധനം വാരിക മാര്‍ച്ച് 20 2010