എനിക്ക് മടിയാണ്

എനിക്ക് മടിയാണ്,
ചിരിച്ച മുഖങ്ങളെ
മതിമറന്ന് വിശ്വസിക്കാന്‍
സ്തുതിച്ച നാക്കുകളെ
ഓര്‍ത്ത് താലോലിക്കാന്‍
തലോടിയ വാക്കുകള്‍
നോവിക്കില്ലെന്ന് കരുതാന്‍
ആത്മസുഖങ്ങളില്‍
അഭിരമിക്കുവാന്‍
ഈര്‍ഷ്യയൊളിപ്പിച്ച്
ചിരി നടിക്കുവാന്‍
അനുഭവക്കയ്പ്പുകള്‍
മറവിയിലൊളിക്കുവാന്‍
നേര്‍കണ്ട കാഴ്ച്ചകള്‍
കണ്ടില്ലെന്ന് നടിക്കുവാന്‍.

എനിക്ക് മടിയാണ്,
വെയിലില്ലാതെ തണലുകായാന്‍
തപ്പറിയാതെ ചൂടുപുതയ്ക്കാന്‍
വിരിയാത്ത പൂവിന്റെ
നിറമേതെന്നോതുവാന്‍
പഠിച്ച പാഠങ്ങളില്‍
പതിഞ്ഞിരിക്കുവാന്‍
ചരിച്ച വേണ്ടായ്കകളെ
മറച്ചു ഞെളിയുവാന്‍
ചത്ത വിചാരങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
അരുതുകള്‍ വിളയുന്നതും
അറിവിനെ കൊലചെയ്യാന്‍
മൌനം മറന്ന് പൊട്ടിത്തെറിക്കുവാന്‍.

എനിക്ക് മടിയാണ്,
കുതിര്‍ന്ന കണ്ണുകള്‍
കടന്നുപോകുവാന്‍
വിശന്ന വിവശതകളെ
കവച്ചുവെക്കുവാന്‍.

എനിക്ക് മടിയാണ്,
എന്റെ നിഴലെന്നുമെന്റെ
കൂടെയുണ്ടെന്ന് നിനയ്ക്കുവാന്‍
നീളെ വഴിയുണ്ട് മുന്നില്‍
എന്ന് കനക്കുവാന്‍.

ഗള്‍ഫ് മാധ്യമം 'ചെപ്പ്' മാര്‍ച്ച് 5 2010