സാക്ഷ്യം

ആരൊക്കെയോ
ആക്രോശിക്കുകയാണ്,
നേര്‍വെളിച്ചം പാരുന്ന
നിന്‍ വിസ്മയവീചികള്‍
അന്ധദിഗന്തങ്ങളെ
പൊള്ളിക്കുകയാണ്.

അസഹിഷ്ണുതയുടെ
കരാളക്കണ്ണുകളില്‍
രോഷം കത്തുകയാണ്.
ലോകത്തെ മാറോടുചേര്‍ത്ത
നിന്റെ വാക്കുകള്‍
തല്ലിക്കെടുത്തുകയാണ്
അവരുടെ ആനന്ദം,
ശരണം യാചിച്ച്
വേവും നിസ്വരെ
പാവക്കൂത്താട്ടുകയാണ്
അവരുടെ വിനോദം.
നിലനില്പ്പിടറിയ
ജീവിതഹതാശകള്‍
ഉയിര്‍ത്തെണീക്കുന്നത്
അവര്‍ക്ക് അചിന്ത്യം!

മര്‍ദ്ദനത്തിന്റെ രീതിശാസ്ത്രം
ചൊല്ലിപ്പഠിച്ചതേ
അവര്‍ക്കു ഓര്‍മയുള്ളൂ,
ആയുധങ്ങളുടെ
ധര്‍മ്മശസ്ത്രം
അവകാശങ്ങളോട്
ഔദാര്യം കാണിക്കില്ല
എന്നവര്‍ക്കറിയാം.
വിലാപങ്ങള്‍
വിമലീകരിക്കാന്‍ തക്ക
ഹ്രുദയം അവര്‍ക്ക്
കളഞ്ഞുപോയിരിക്കുന്നു.
ചരിത്രപാഠങ്ങള്‍
ചിന്തയനക്കത്തിന്
വളമാകാത്ത വിധം
അവരുടെ തത്വങ്ങള്‍
വരണ്ടിരിക്കുന്നു.

പ്രതിരോധനിര്‍മ്മിതികള്‍
ചരിത്രത്തിന്റെ പുനരുണര്‍വിന്
നിദാനമായിട്ടേയുള്ളൂ.
വിദ്വേഷത്തിന്റെ
വേലിക്കെട്ടുകള്‍
നേരിന്റെ ശക്തിയില്‍
അലിഞ്ഞുപോയിട്ടേയുള്ളൂ.

നേരിന്‍ വേണ്ടി
പിടയുന്നവര്‍ക്ക്
വിശ്രമം തിരിച്ചുവരും,
ചരിത്രഗതിഭേദങ്ങള്‍ക്ക്
കാലം വീണ്ടും
സാക്ഷിയാകും, തീര്‍ച്ച.