നീയും ഞാനും

നിനക്കെന്നെ വേണമെന്ന് നീ
എനിക്ക് നിന്നെ വേണമെന്ന് ഞാന്‍.
നിനക്കെന്റെ ജീവനെടുക്കണം,
എനിക്ക് നിന്നെ സ്നേഹിക്കണം

നിനക്ക് യുദ്ധമാണിഷ്ടം,
എനിക്ക് സമാധാനവും
നീ ചോദ്യങ്ങളില്‍ നിന്ന് കുതറിമാറുന്നവന്‍
സ്വന്തം ഹൃദയത്തെ ഇരുട്ടില്‍ തിരയുന്നവന്‍
ഉത്തരങ്ങള്‍ക്ക് പകരം
ആരുടേയോ ഉത്തരവുകളാണ് നീ കേട്ടുശീലിച്ചത്.
എന്റെ വാക്കുകളെ വെട്ടിയരിഞ്ഞ്
വീഴ്ത്തുകയാണ് നിനക്ക് രസം.

ഞാന്‍ പക്ഷെ, കരുതുന്നു
നിനക്ക് വേണ്ടിപോലും നാളെ
ഞാന്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന്
നിനക്ക് വേണ്ടി ഉത്തരം പറയാന്‍,
നിന്നെ ഞാനും ഉത്തരവാദപ്പെട്ടവനെന്ന്
കാരണം, നീ കൊലവിളിച്ചിട്ടും
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഞാനറിയുന്നതുപോലെ നീയറിയുന്നില്ലെങ്കിലും.

നീ നിനക്കുന്നത്
നീ മാത്രം മതിയിവിടെ
ഞാന്‍ കനക്കുന്നത്
ഞാനും നീയുമൊരുനാളൊന്നായ്...

നീ യുദ്ധം മെതിച്ച് തീരുമ്പോഴേക്കും
നിന്റെ വിധി നിന്നെത്തേടി വരുമ്പോഴേക്കും
ഉത്തരം പറയാനൊരുങ്ങക്കൊള്‍ക!