ഇവ കൂടി

റോഡരികിലെ വേസ്റ്റ് ബിന്‍,
ഭീതനിശ്ശബ്ദതയില്‍ നിന്നും
ഒരു ചോരക്കുഞ്ഞിനെ ഏറ്റെടുത്തു.
നാട്ടിന്‍പുറത്തെ ഒരു മരപ്പൊത്ത്
ഒരു ബാല്യം കൊണ്ട് വിശപ്പടക്കി.
ആഴമറിയാതെ
ഒരു പൈതലിന്റെ പ്രാണന്‍
നീറ്റില്‍ നീന്തിയൊളിച്ചു.
മുരണ്ട് വലിയുന്ന ട്രെയിന്‍
കക്കൂസളയിലൂടെ വീണ്ടും
ഒരു ജീവനെ പ്രസവിച്ചെറിഞ്ഞു.
വഴിയരികിലെ പൊന്തയില്‍
ഒരു വിഷനായ
ഒരു സ്വപ്നത്തിന്റെ ചാവുരക്തം
കിറിയില്‍ പറ്റിച്ച് കടന്നുപോയി.

നിസ്സംഗത ഭേദിക്കാന്‍ കരുത്തില്ലാത്ത
വര്‍ത്തമാനങ്ങളില്‍
ഇനി ഇവ കൂടി എടുത്തുവെക്കുക.