കാണാതിരിക്കുന്നത്

ആലസ്യം അടയിരിക്കുന്ന നമ്മുടെ കോലായില്‍
വലിഞ്ഞുകയറി വന്നത്
അതിര്‍ത്തിലംഘിച്ച പകര്‍ച്ചസുഖങ്ങള്‍

വറുതിനാളുകളില്‍ നാം
താലോലിച്ച ധാന്യവും കനികളും
അകലെയെവിടെയോ നിന്നും
അപരിചതരെപ്പോലെ
വാടിവന്നു അടുക്കളയില്‍,
പരിചയിക്കാത്ത ദീനോഷ്ണങ്ങള്‍
രുചിയോടെ പകര്‍ന്നുതന്നു

വെറുതെയിരുന്ന് വാരിക്കൂട്ടിയ
ആധികളും വ്യാധികളും
വീതം വെച്ചെടുത്ത് അജീര്‍ണ്ണിച്ചു
ലോകോത്തര ആതുരമേടകള്‍

വിഷമരുന്ന് പുരട്ടിയ ആദായത്തിന് നാം
കണ്ണുവെച്ചിരിക്കുമ്പോള്‍
നമ്മുടെ സ്വന്തം നാട്ടുകായ്‌ക്കള്‍
അയല്‍നാടുകളില്‍ അഭയം തേടിപ്പോയത്
നാം അറിയാതിരിക്കുന്നു

വേര്‍പ്പറക്കുന്ന നമ്മുടെ
ശീലക്കേടിന് മുന്നില്‍
മറുനാട്ടുകാര്‍ വന്ന് വേര്‍ത്ത്
നാടിന്റെ ഉപ്പ് കവര്‍‌ന്ന് പോകുന്നു.

മാതൃഭൂമി ഗള്‍ഫ് ഓണം സ്പെഷല്‍ 2011

6 അഭിപ്രായങ്ങൾ: