ഹസനെളാപ്പ

ചെറുതായിരിക്കുമ്പോള്‍ ഉമ്മനാടായ കൊടുങ്ങല്ലൂരിനടുത്ത ശാന്തിപുരത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. കുട്ടിക്കുറുമ്പുകള്‍ അല്പ്ം കൂടുതലായിരുന്നു എനിക്ക്. ഞാന്‍ ചെയ്തുകൂട്ടിയിരുന്ന വികൃതിത്തരങ്ങള്‍ക്ക് തക്ക ശിക്ഷ അന്ന് തരാനായിട്ടില്ല ഉമ്മാക്ക് എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ തിരിച്ചറിയുന്നുണ്ട്.

പലപ്പോഴായി എന്നെ തല്ലാനെടുക്കുന്നതുമൂലം വീടിനോട് ചേര്‍ന്ന പത്തല്‍വേലിയുടെ ഒരുഭാഗം തന്നെ ഇല്ലാതായിട്ടും എന്നെ ശിക്ഷിക്കാന്‍ ഉമ്മാക്ക് അവസരമുണ്ടായില്ല. വേലിയില്‍ നിരോലിയിളകുന്ന ശബ്ദം കേള്‍ക്കേണ്ട താമസം, ഓടി രക്ഷപ്പെടും ഞാന്‍. ഉമ്മ വടിയുമായി പിന്നാലെ ഓടുന്നത് മാത്രം മിച്ചം! എന്നെ കിട്ടില്ല.

ഹസനെളാപ്പയെ ഉമ്മാക്ക് വളരെ പേടിയായിരുന്നു. എന്നെ തല്ലാന്‍ ഓടിക്കുന്നത് കണ്ടിട്ട് എളാപ്പ ഉമ്മയെ തൗതാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ഓട്ടം നിറുത്തുന്നത് ഹസനെളാപ്പയുടെ വീടിന് മുന്നിലായിരിക്കും. ഓട്ടത്തിനിടയില്‍ എളാപ്പ വീട്ടിലുണ്ടാവണെ എന്നായിരിക്കും എന്റെ പ്രാര്‍ഥന. വീട്ടിലേക്ക് വാടാ അപ്പോള്‍ തരാം എന്ന്‍ ഭീഷണിമുഴക്കി ഉമ്മ തല്‍കാലം വിടവാങ്ങും.

സ്നേഹത്തിന്റെ ഒചീനം ഒരുക്കുന്നതിനായി ഉമ്മ തിരക്കിലാവുമ്പോള്‍ പതിയെ തിരിച്ച് വീട്ടിലെത്തും. അപ്പോഴേക്കും അവര്‍ എല്ലാം മറന്നിരിക്കും!