ദുരന്തം മാടി വിളിക്കുന്നവര്‍


കഥയായോ എന്നറിയില്ല. കഥക്കുവേണ്ടി എഴുതിയതുമല്ല. സുഹൃത്തായ ദുബൈയിലെ വ്യവസായി പി. കെ. അബ്ദുല്‍ ഗഫൂര് പറഞ്ഞ സംഭവകഥ കേട്ടപ്പോള്‍ ഇങ്ങനെ കുത്തിക്കുറിക്കാന്‍ തോന്നി. 20.01.2012ലെ ഗള്‍ഫ്‌മാധ്യമം ചെപ്പില്‍ പ്രസിദ്ധീകരിച്ചുവന്നു.
ഓര്മ്മകള്‍ പതിയിരിക്കുന്ന ഷിന്‍ഡഗയിലെ വഴികളിലൂടെ വീണ്ടൂം  സഞ്ചരിക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. പഴയ വക്കാലയുടെ സ്ഥാനത്ത് നന്നായണിഞ്ഞൊരുങ്ങിയ ഒരു സൂപ്പര്‍മാര്‍ക്കറ്റ് മാത്രമാണ് ഷിന്‍ഡഗയുടെ പഴയ ചിത്രത്തിന് അപവാദമായി നില്‍ക്കുന്നത്. തൊട്ടടുത്ത ലാന്‍ഡ്രിഷോപ്പ് ഇപ്പോഴും പഴയ കോലത്തില്‍ തന്നെ. ബംഗാളി നടത്തുന്ന ആ കടയുടെ നെയിംബോര്ഡ് കാലപ്പഴക്കം അറിയിച്ചു നില്‍ക്കുന്നു ഇപ്പോഴും.
സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍‌വശത്തെ മാലിന്യക്കുപ്പക്കും സ്ഥാനചലനം സംഭവിച്ചിട്ടില്ല! പക്ഷെ, വര്‍ഷങ്ങളുടെ ഉഛ്‌ചിഷ്ടങ്ങള്‍ ഒഴുകിയൊലിച്ച് അഴുക്കുപാടുങ്ങള്‍ നിറഞ്ഞ പഴയ തൊട്ടിക്ക് പകരം പുതിയത് സ്ഥാനം പിടിച്ചിരിക്കുന്നു.
പല്ലിളിച്ച് നിന്നിരുന്ന കുമ്മായത്തേപ്പുകള്‍ക്ക് സ്ഥാനത്ത് മിനുസമാര്‍ന്ന ചുമരുകള്‍. പഴയ വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നും പരിഷ്കാരത്തിന്റെ പകര്‍പ്പുകള്‍. പാകിസ്ഥാനികളും അഫ്ഗാനികളും സ്ഥലം വിട്ടിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം വാടകയും ഉയര്‍ന്നതോടെ ചൈനക്കാരും ഫിലിപ്പൈനികളും എല്ലാം കൈയടക്കിയിരിക്കുന്നു. വരുമാനം കുറഞ്ഞാലും നിലവാരം കുറക്കാനാവാത്ത വിഭാഗങ്ങളാണല്ലോ ഇവര്‍!
പ്രവാസത്തിന്റെ മണമെന്തെന്ന് പഠിപ്പിച്ച ഷിന്‍ഡഗയിലെ ആദ്യദിവസങ്ങള്‍ ഓര്‍മ്മകളില്‍ വീണ്ടുമെത്തി. അവധിക്ക് നാട്ടിലെത്തി അത്തറുപൂശി നെഗളിക്കാറുള്ള ഗള്‍ഫുകാരന്റെ പരമരഹസ്യം അറിഞ്ഞ് ഉള്ളില്‍ ചിരിയായൊളുപ്പിച്ച നാളുകള്‍!
ബംഗാളി സ്വദേശിയുടെ ചെറിയ വില്ലയിലെ രണ്ടുമുറികളിലൊന്നില്‍ എതാനും നാട്ടുകാര്‍ക്കും സഹോദരനുമൊപ്പം കഴിയുകയാണ്. മറ്റെ മുറിയിലും മലയാളികളാണ്.
മൂക്ക് പൊത്തി ജോലിസ്ഥലത്തേക്കും തിരികെ റൂമിലേക്കും നടന്നുപോകുന്ന ദിവസങ്ങള്‍. പഴകിദുഷിച്ച മാലിന്യങ്ങള്‍ വെയിലത്ത് വെന്ത് പടരുന്ന അസഹ്യമായ നാറ്റം വേറെ എവിടെയും ഉണ്ടാകില്ലെന്ന് അന്ന് കരുതിയിരുന്നു. ഇന്നത്തെ പോലെ സമയാസമയം മാലിന്യം നീക്കം ചെയ്യാനുള്ള സം‌വിധാനം അന്ന് 'ബലദിയ്യ'ക്കില്ല. ജോലി സ്ഥലത്തെത്തിയാലും മാലിന്യഗന്ധം ഒക്കാനത്തിന്റെ രൂപത്തില്‍ നിര്‍ഗ്ഗളിക്കാന്‍ തുടങ്ങും. കൂടെ താമസിക്കുന്നവര്‍ക്കും തൊട്ടടുത്തുള്ളവര്‍ക്കും ഇതൊരു പ്രശ്നമേ ആയില്ലെന്ന അത്ഭുതരഹസ്യം എന്തെന്ന് പിന്നീട് പ്രവാസം പഠിപ്പിച്ച ശിലങ്ങളാണ് എന്നെ തിരുത്തിയത്.
മാലിന്യക്കുപ്പയുടെ നേരെതിര്‍‌വശത്താണ് അബുക്കയുടെ പച്ചക്കറിക്കട. ഞങ്ങളുടെ അടുത്ത മുറിയിലാണ് അബൂക്ക താമസിക്കുന്നത്. എന്നും നല്ല തിരക്ക് അനുഭവപ്പെടാറുള്ളതാണ് അബുക്കയുടെ കടയെ ആദ്യം ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ഏറനാടന്‍ ശൈലിയില്‍ എല്ലാവരോടും ഹൃദ്യമായി പെരുമാറുന്ന ഒരു പാവം അബൂക്ക! ഇതുപോലെ എല്ലാവിധ പച്ചക്കറികളും വിലകുറച്ച് ലഭിക്കുന്ന മറ്റൊരു കട അടുത്തെവിടെയും ഇല്ല. ഏത് രാജ്യക്കാരായാലും അനുഭാവപൂര്‍‌വം ഇടപെടുകയും ഉല്‍സാഹത്തോടെ സാധനങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്യുന്ന അയാളുടെ പ്രകൃതം ആരേയും ആകര്‍ഷിക്കുമെന്നതും തിരക്കിന് കാരണമാകാം. അമ്പതിലെത്തിനില്‍ക്കുന്ന പ്രായം അയാളുടെ ആരോഗ്യത്തെയും ഉല്‍സാഹത്തെയും തെല്ലും ഉലച്ചിട്ടില്ല. ആരുടെയും മനസ്സ് കീഴ്പെടുത്താന്‍ അബൂക്കാക്കുള്ള കഴിവ് അപാരമാണ്, ആര്‍ക്കുവേണ്ടി മനസ്സലിയാനും ഇയാള്‍ തയ്യാര്‍. അതയാള്‍ക്ക് ഗുണമായിട്ടുണ്ട്, ദുരന്തവും!
അബൂക്കായുടെ കടയില്‍ ലഭിക്കാത്ത പച്ചക്കറികള്‍ ലോകത്തുതന്നെ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇന്ത്യയില്‍ നിന്ന് കൂടാതെ ഒമാന്‍, പാകിസ്ഥാന്‍, ഫിലിപൈന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നും പലതരം പഴം പച്ചക്കറികള്‍ ഇവിടെ ലഭ്യം. അവ മധുരമനോഹരമായി അടുക്കിവെച്ച് അതിന് നടുവില്‍ ഉയര്‍ന്ന ഇരിപ്പിടത്തിലാണ് അബുക്കയുടെ പുഞ്ചിരിതൂകിയുള്ള ഇരിപ്പ്. വെള്ളിയാഴ്ചകളില്‍ മാത്രം ക്ഷൗരം ചെയ്യാറുള്ള മുഖത്ത് പാടത്തെ ഞാറുപോലെയുള്ള അര്‍ധരോമങ്ങളാണ് അയാളുടെ മുഖം പൂര്‍ണ്ണമാക്കുക. അപരിചിത സ്ഥലത്തെത്തിച്ചേര്‍ന്ന എനിക്കും സുഹൃത്തുക്കള്‍ക്കും ആശ്വാസം പകര്‍ന്ന കാരണങ്ങളിലൊന്ന് അബുക്കയാണെന്നത് ഞങ്ങള്‍ വര്‍ത്തമാനങ്ങളില്‍ ഉള്‍പ്പെടുത്താറുള്ള വസ്തുതയാണ്. മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിയായാലും പലര്‍ക്കും സാമ്പത്തികസഹായങ്ങള്‍ ചെയ്തുകൊടുക്കലും ഇയാളുടെ ശീലങ്ങളില്‍ ഒന്നാണ്.
രാവിലെ ആരംഭിക്കുന്ന കച്ചവടത്തിന് രാത്രിയേറേ കഴിഞ്ഞാണ് വിരാമം. സഹായികളാരുമില്ലാതെ കഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊക്കെ മക്കള്‍ നാലും പെണ്മക്കളായതിന്റെ സങ്കടം പങ്കുവെക്കാറുണ്ട് ഇയാള്‍. പിന്നെ എല്ലാം പടച്ചവന്‍ സഹായിക്കും എന്ന ശുഭാപ്തിയില്‍ തനിയെ സമര്‍പ്പിക്കും. പ്രവാസജീവിതത്തോട് വര്‍ഷങ്ങളുടെ പൊരുത്തം നേടിയ അബുക്കക്ക് ആശ്വാസം പകരാന് ഞങ്ങള്‍ക്ക് അസാധ്യവുമായിരുന്നു. പെരുമാറ്റത്തിലും സംസാരത്തിലും പക്വതയും ഗാംഭീര്യവും ദൃശ്യമായിരുന്നെങ്കിലും പൊട്ടാന്‍ വിങ്ങിനില്‍ക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു അയാളെന്ന് ഞങ്ങള്‍ അറിഞ്ഞത് പിന്നെയാണ്.
കടയില്‍ സാധനങ്ങള്‍ തീരുന്നതിനനുസരിച്ച് പഴങ്ങളും പച്ചക്കറികളും വിതരണം നടത്തുന്ന പിക്കപ് വാനുകള്‍ വന്നുകൊണ്ടിരിക്കും. പാകിസ്ഥാനികള്‍ ഓടിക്കുന്ന പിക്കപ്പുകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം അബൂക്കായുടെ കടയുടെ മുന്നില്‍ വന്ന് നിര്‍ത്തും. ഡ്രൈവര്‍മാര്‍ വണ്ടിയില്‍ ചാരിനിന്ന് പുകവലിച്ച് യാത്രയുടെ ആയാസം തണുപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്ത് സഹായികളായ ബംഗാളികളാണ് ആവശ്യത്തിന് സാധനങ്ങള്‍ കടയിലെത്തിച്ചു നല്‍കുക. സാധനങ്ങള്‍ കടയിലെത്തിക്കുന്ന ആരെയും 'വലിയ ഉപകാരം' എന്ന മട്ടില്‍ ഒരു പുഞ്ചിരി സമ്മാനിച്ചാണ് അബുക്ക മടക്കിയയക്കുക.
ഒരു ദിവസം പച്ചക്കറി പിക്കപ്പില്‍ സഹായിയായെത്തിയതാണ് ഹാരിസ്. അപൂര്‍‌വമായി മാത്രമാണ് മലയാളികള്‍ ഇങ്ങിനെ വരാറ്. ഹാരിസിനെ ഒറ്റ നോട്ടത്തില്‍ തന്നെ അബൂക്കക്ക് ഇഷ്ടമായി, പരിചയപ്പെട്ടു. ചെറുപ്പമാണ്. നല്ല അധ്വാനശീലന്‍. തകൃതമായ പെരുമാറ്റം. കൊല്ലത്തുകാരനെ ബോധിക്കാന്‍ മലപ്പുറത്തുകാരന് താമസമുണ്ടായില്ല.
ഒരുപാട് നാളായി ഒറ്റക്ക് ഈ കട ചുമലേറ്റി വലിക്കാന്‍ തുടങ്ങിയിട്ട്. കച്ചവടം ഒന്നുകൂടി ഭേദമാക്കേണ്ടതുമുണ്ട്. മക്കളെ പറഞ്ഞയക്കാനുള്ള വക ഇനിയെങ്കിലും സ്വരുക്കൂട്ടണം. ഒരു സഹായിയുണ്ടാവുക എന്തുകൊണ്ടൂം നല്ലതാണ്. ഹാരിസിനെ കണ്ടമാത്രയില്‍ അബുക്ക തന്റെ  ആലോചകളില്‍ മുഴുകി...
വൈകിക്കേണ്ട, ഒരിക്കല്‍ കൈവിട്ടുപോയാല്‍ പിന്നെ ഇതുപോലെ ഒരുത്തന്‍ എപ്പോഴാണ് ഒത്തുകിട്ടുക എളുപ്പമല്ല. അടുത്ത തവണ ഇവനാകാനും സാധ്യതയില്ല. ഇപ്പോള്‍ തന്നെ വിവരം പറയുക തന്നെ...
സാധനങ്ങള്‍ എടുത്ത് വെച്ച് പോകാനാരംഭിച്ച ഹാരിസിനെ തടഞ്ഞുനിര്‍ത്തി അബൂക്ക വിവരം പറഞ്ഞു. മനസ്സിലെ ആഗ്രഹങ്ങള്‍ മറച്ചുവെച്ച് 'നിനക്ക് ഇവിടെ നില്‍കാന്‍ താല്പര്യമുണ്ടോ' എന്ന് മാത്രമാണ് അയാള്‍ അവനോട് പറഞ്ഞത്. അബുക്കയെ സന്തോഷിപ്പിക്കുന്ന മറുപടി തന്നെയാണ് ഹാരിസ് ലഭിച്ചത്. പക്ഷെ, അര്‍ബാബിനോട് പറഞ്ഞ് പിന്നെ വരാമെന്ന് പറഞ്ഞാണ് അവന്‍ തിരിച്ചത്.
പറഞ്ഞതുപോലെ ഹാരിസ് എത്തി. ആ ദിവസങ്ങളില്‍‍ അബുക്ക കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു. കച്ചവടത്തില്‍ അബൂക്കയെ നല്ലരീതിയില്‍ സഹായിക്കാന്‍ ഹാരിസ് മറന്നില്ല. പച്ചക്കറിവണ്ടികള്‍ വരുമ്പോള്‍ അവന്‍ തന്നെയാണ് ഉല്‍സാഹത്തോടെ സാധനങ്ങള്‍ കടയിലെടുത്തു വെക്കുക. അതിനാല്‍ വണ്ടിയില്‍ സഹായികളായി വരുന്നവര്‍ക്കും സന്തോഷമായി. വര്‍ദ്ധിച്ച ഉല്‍സാഹത്തോടെ അവന്‍ പണിയെടുത്തു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് ഒട്ടും താമസിയാതെ എടുത്തുകൊടുക്കാന്‍ അബൂക്കയെക്കാള്‍ മുന്നില്‍ നിന്നു ഹാരിസ്. അബൂക്കക്ക് തന്റെ സെലക്ഷന്‍ നന്നായതായതില്‍ അഭിമാനം തോന്നി. ഹാരിസ് തനിക്ക് ജനിക്കാതെ പോയ മകനാണെന്ന് അബുക്ക സ്വപ്നം കണ്ടു...
മുതലാളി-തൊഴിലാളി ബന്ധത്തില്‍ നിന്ന് പിതാവും മകനും എന്ന അടുപ്പത്തിലേക്ക് അത് വളര്‍ന്നു. ഏത് കാര്യവും എന്താവശ്യങ്ങളും ഹാരിസുമായി ആലോചിച്ച് മാത്രം ചെയ്യുന്ന ശീലം വന്നു. സാമ്പത്തിക ഇടപാടുകളിലും വിശ്വസ്ത പങ്കാളികളായി. ഹാരിസിന്റെ കുടൂംബത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം കണക്കില്ലാതെ നല്‍കി. ഞങ്ങളെ അല്‍ഭുതപ്പെടുത്തി ആ ബന്ധം വളര്‍ന്നു. എല്ലാത്തിനും പിന്നില്‍ അബൂക്കയുടെ സ്വാര്‍ഥതയുണ്ടായിരുന്നു. ഹാരിസിനെ സ്വന്തം മകനാക്കാനുള്ള സ്വാര്‍ഥത! തന്റെ മൂത്ത മകള്‍ സുമിക്ക് വിവാഹപ്രായമായി വരുന്നു. അവളെ ഹാരിസിനെ ഏല്പ്പിക്കണം.
ഉല്‍സാഹത്തിന്റെയും ആശകളുടെയും ദിവസങ്ങള്‍ അടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം അയാള്‍ തന്റെ ആഗ്രഹം ഹാരിസിനോട് പങ്കുവെച്ചു. ഇതിനകം അബുക്കയെ കുറിച്ച് നല്ല ധാരണയിലെത്തിയിരുന്ന അവന്‍ സന്തോഷം പ്രകടിപ്പിച്ചു. അബുക്ക വീണ്ടും തയ്യാറെടുപ്പുകളുടെ കണക്കുകൂട്ടലുകളില്‍ വീര്‍പ്പുമുട്ടി.
പിന്നീടൊരുനാള്‍ ഹാരിസ് നാട്ടില്‍ പോകണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ കുറെ പണം സംഘടിപ്പിച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ അയാള്‍ ചെയ്ത് കൊടുത്തു. നാട്ടില്‍ പോകുന്ന അന്ന് കൂട്ടത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു: 'നാട്ടില്‍ ചെന്നാല്‍ താനൂര്‍ വരെ പോണം, വിവരങ്ങള്‍ പറയണം, സുമിയെ കാണണം.'
നാട്ടില്‍ പോയി അവധി കഴിഞ്ഞു ഹാരിസ് തിരിച്ച് വന്നു. വീണ്ടും മാസങ്ങളുടെ മലക്കം മറിച്ചില്‍. സന്തോഷപൂര്‍‌വ്വമായ അവരുടെ നാളുകള്‍, ഒടുവില്‍ ഹാരിസ് തിരോഭവിക്കുന്നത് വരെ മാത്രം നീണ്ടത് മറ്റു പലതുമെന്ന പോലെ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വിഷയമാക്കാറുണ്ടായിരുന്നു.
ഒരു ദിവസം അബുക്ക ഞങ്ങളോട് പറഞ്ഞു: ഞാന്‍ അബൂദാബിയില്‍ പോകുകയാണ്. ഒരത്യാവശ്യമുണ്ട്. രണ്ട് ദിവസം കഴിഞ്ഞേ മടങ്ങിവരൂ. അസാധാരണമായ ഒരു വികാരം അയാളില്‍ ഒളിഞ്ഞുനില്‍ക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി.
***
ദുര്‍ഗന്ധം ഈയിടെയായി കൂടിയിട്ടുണ്ട്. രണ്ടുദിവസം കൂടുമ്പോള്‍ വരാറുള്ളതാണ് ബലദിയക്കാര്‍. ഇത്തവണ വളരെ വൈകയിരിക്കുന്നുവെന്ന് തോന്നുന്നു. മാലിന്യത്തൊട്ടിക്കടുത്തുകൂടെ പോകുന്നവര്‍ അസഹ്യമായ ദുര്‍ഗന്ധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുന്നു.
ഹൊ! എന്തൊരു വല്ലാത്ത ഗന്ധം!... തൊട്ടിയില്‍ ഏതെങ്കിലും ജീവി ചത്തുകിടപ്പുണ്ടാകും...
തിര‍ക്കുകളില്‍ മുങ്ങി നില്‍ക്കുന്ന ആളുകള്‍ വന്നും പോയിമിരിക്കുന്നതിനിടയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അലക്ഷ്യമായെറിഞ്ഞു. അതിനിടയിലാണ് പച്ചക്കറിക്കടയുടെ വാതില്‍ പഴുതിലൂടെ ഒലിച്ചിറങ്ങുന്ന ഒരു ദ്രാവകം എന്റെ ശ്രദ്ധയില്‍ പെട്ടത്. കറുത്ത് കൊഴുത്ത ആ ദ്രാവകം ഭീതികരമായ ഒരു വികാരമുണ്ടാക്കി. 'നമ്മുക്കിതെന്താണെന്ന് നോക്കിയാലോ' ആരോ പറഞ്ഞതിന് മറുപടിയായി മറ്റൊരാള്‍ പറഞ്ഞു: അതിന് അബുക്കയില്ലാതെങ്ങിനെ തുറക്കാനാവും.'
ആശങ്കള്‍ക്കൊപ്പം ആളുകളും കൂടിത്തുടങ്ങി. 'എതെങ്കിലും പൂച്ചയായിരിക്കും.' ആരോ പറഞ്ഞു. പൂച്ച ചത്താല്‍ ഇത്രയധികം ഇത്രയധികം ചോരയുണ്ടാകുമോ എന്ന തീര്‍പ്പിന് മുന്നില്‍ എല്ലാവരും പകച്ചുനിന്നു. 'തുറന്നു നോക്കുന്നതെങ്ങിനെ' 'നമുക്കിത് ചവിട്ടിപ്പൊളിച്ചുനോക്കാം'.
ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് ഞങ്ങള്‍ നടുങ്ങിപ്പോയി. തൂങ്ങിയാടുന്ന ഒരു രൂപം! ചോരയും മാംസവും വാര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ശരീരാവശിഷ്ടം. ഒരു കയറില്‍ തൂങ്ങിയാടുന്ന ആ 'ശരീര'ത്തിന് ചുറ്റും ഈച്ചയും പ്രാണികളും ആഘോഷിച്ചാര്‍ക്കുന്നു. ഞങ്ങള്‍ക്ക് അധികം നോക്കിനില്‍ക്കാനായില്ല...
പോലീസെത്തി നടപടികളെടുത്തു. ആ രൂപത്തെ കയറില്‍ നിന്ന് അടര്‍ത്തി ഒരു ചാക്കില്‍ പൊതിഞ്ഞ് വെച്ചാണ് അവര്‍ പോയത്. ഉറക്കം കവര്‍ന്നെടുക്കപ്പെട്ട നാളുകള്‍...
സംഭവത്തിന്റെ കാരണങ്ങളിലേക്ക് ചോദ്യമെറിയുമ്പോഴും ഹാരിസിനെ തിരക്കാന്‍ പലരും മറന്നുപോയിരുന്നു. ആളുകള്‍ സ്വന്തം കാര്യങ്ങളിലേക്ക് പതിയെ പതിയെ മടങ്ങിത്തുടങ്ങി. അനാവശ്യമായി ആളുകളുടെ കാര്യത്തില്‍ ഇടപെട്ടാലുള്ള ഗുലുമാലുകളെ ഭയന്ന് എല്ലാവരും സംഭവം മറക്കാന്‍ ശ്രമിച്ചു. അബുക്കാക്ക് എന്താണ് സംഭവിച്ചതെന്ന് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ആയിടെയാണ്, മലപ്പുറം താനാളൂരില്‍ അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്തതായി വാര്‍ത്ത വന്നത്. അബൂക്കയുടെ കുടുംബമായിരുന്നു അത് ആരൊ പറഞ്ഞറിഞ്ഞു.
ഹാരിസിനെ തിരക്കി നടന്നതൊക്കെ പാഴാവുകയായിരുന്നു. പിന്നീട് യാദൃശ്ചികമായി ഹാരിസിന്റെ നാടുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാരിസിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്ന് മനസ്സിലായി.
വിവാഹക്കാര്യം പറഞ്ഞപ്പോള്‍ കുടുംബമുള്ള കാര്യം അവന്‍ മറച്ചുവെച്ചായിരുന്നു സുമിയുമായി വിവാഹത്തിന് സമ്മതിച്ചത്. ഹാരിസ് നാട്ടില്‍ വന്നപ്പോള്‍ അബൂക്കയുടെ ആവശ്യപ്രകാരം താനൂരിലെ വീട്ടിലെത്തുകയും രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തിരുന്നു!
ഹാരിസ് അവധി കഴിഞ്ഞ് തിരിച്ചെത്തി മാസങ്ങള്‍ക്ക് ശേഷം, സുമിയുമായുള്ള വിവാഹത്തിന് തയ്യാറാവാന്‍ അബൂക്ക ഹാരിസിനോട് പറഞ്ഞു. മാസങ്ങള്‍ കൊഴിഞ്ഞുതീര്‍ന്നപ്പോള്‍ മറച്ചുവെക്കാനാവാതെ സുമിയുടെ ഉദരത്തില്‍ മുഴച്ചുനിന്ന സത്യം പുറത്തറിയും മുമ്പ് നല്ലരീതിയില്‍ തീര്‍ക്കാനുള്ള അബൂക്കയുടെ ശ്രമമായിരുന്നു അത്. തനിക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് ഹാരിസ് പറഞ്ഞതുകേട്ട് അബുക്ക ഞെട്ടിത്തെറിച്ചു. തന്റെ മോളെ ചതിക്കരുതെന്ന്‍ അപേക്ഷിക്കേണ്ടി വന്നു അബൂക്കാക്ക്. അയാളുടെ എല്ലാ പ്രതീക്ഷകളും കെടുത്തിക്കൊണ്ട് ഹാരിസ് തന്റെ തനിനിറം വ്യക്തമാക്കി. കണ്ണുകളിലേക്ക് ഇരുട്ട് ഇരച്ചുകയറുന്നതായി അബൂക്കാക്ക് തോന്നി...
പിറ്റേദിവസം ഹാരിസ് അവിടെ നിന്ന് മുങ്ങി, കിട്ടാവുന്ന പണവും സാധനങ്ങളും തന്ത്രപൂര്‍‌വ്വം കൈക്കലാക്കി.
പിന്നെ അബൂക്കയും... ഒടുവില്‍ കുടുംബവും..