ജന്തു

ജന്തു

ഉളളിൽ ഒരു ജന്തു
നുണയാനെന്തെങ്കിലും
പരതിനടക്കുകയാണ്...

ദിനവൃത്താന്തങ്ങൾ
ചർദ്ദിക്കുന്ന പലതും
അശ്ലീലങ്ങളെന്ന്
നെറ്റിചുളിക്കുമ്പോഴും
ഉഷ്ണസുഖത്തിന്റെ
വേരുകള്‍ പൊട്ടും
ആ ജന്തുവില്‍.

അക്രമം, ക്രൂരത
എന്നൊക്കെയുളള
ഭംഗിവാക്കുകള്‍ക്കുളളിൽ
അകപ്പായസം ഉണ്ണാനിരിക്കും...

ഈ ജന്തുവിന് വേണ്ടിയാണ്
അടരാടുന്നതെന്നത്രെ
വിപണിമൂല്യങ്ങള്‍ പെറ്റിട്ട
ദൃശ്യമാധ്യമസല്‍ക്കാരങ്ങള്‍...

ഈ ജന്തുവിനാണ്
അങ്ങാടിവായ്താരികൾ
നാഴികതോറും
ഊറ്റം കൊളളുന്നത്!

സാഹചര്യത്തിന്റെ
കൂട്ടിക്കൊടുപ്പുകളിൽ
അജീർണം പിടിച്ച ആ ജന്തു,
ഒരിക്കൽ പുറംകാറ്റ്
കൊളളാനിറങ്ങുമ്പോഴാണ്
സദാചാരം മാനഭംഗത്തിന്
ഇരയാവുന്നത്...

അടിവേരുകാണാത്ത
സാമൂഹ്യപശ്ചാത്തലത്തില്‍
അന്നും ഉണ്ടാവും
ധാർമികപാഠങ്ങളുടെ
ഉൽഘോഷണങ്ങളും
മാധ്യമ സംവാദങ്ങളും!!