ആട്ടുമ്പൂട്ട

സ്നേഹത്തിന്റെ അപ്പമൊരുക്കി എന്നും വിളിക്കും ആട്ടുമ്പൂട്ട. പാത്തുംബീവിത്താ എന്ന് ഉമ്മ പലവട്ടം പറഞ്ഞുതന്നിട്ടും വഴങ്ങാതിരുന്ന എന്റ്റെ നാവ് സ്വയം സ്വീകരിച്ചതാണ് ആട്ടുമ്പൂട്ടയെന്ന വിളിപ്പേർ.

രുചികരമായ ഭക്ഷണമൊരുക്കി സ്നേഹത്തിന്റെ ശാസനയോടെ തീറ്റിയിരുന്നു അവര്‍. കുലീനയായ അവർ ഉമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് എന്നെയും ഇത്തയെയും‍ ഇത്രമാത്രം പരിഗണിച്ചതെന്ന് അന്നും പിന്നീടും എനിക്ക് മനസ്സിലായിട്ടുണ്ട്.

വല്ലാതെ ഉറച്ച അയല്‍‌പക്ക‍ബന്ധമായി അത് വളരുകയും ചെയ്തു. സ്വന്തം ബന്ധുക്കളെക്കാൾ വളർന്ന ബന്ധം...

കഥയിലേക്ക് വരാം. മെടയാത്ത ഓലകൊണ്ടുളള വേലികൾ വ്യാപകമായിരുന്ന കാലമാണത്. ആട്ടുമ്പൂട്ടയുടെ വീടിന് ചുറ്റിലും ഇതുപോലെ വേലിയുണ്ട്.

ഒരിക്കൽ ആട്ടുമ്പൂട്ടയുടെ വീടിന്റെ മുൻ വശത്തെ കോലായിൽ കളിച്ചുകൊണ്ടിരിക്കെ ഞാൻ ഉറക്കെ വിളിച്ചു: ആട്ടുമ്പൂട്ടാ....

വിളികേട്ട് ആട്ടുമ്പൂട്ട ഓടിയെത്തി,‍ എന്താണെന്ന് ചോദിച്ചു. (മുൻ വശത്തെ വേലിയുടെ വിടവിലൂടെ ഒരു ചാത്തന്‍ കോഴി വരുന്നത് കണ്ടതാണ് കാര്യം!) ഞാന്‍ പക്ഷെ ആട്ടുമ്പൂട്ടയോട് പറഞ്ഞത് ഇങ്ങിനെയാണ്: ആട്ടുമ്പൂട്ടാ ആട്ടങ്കോഴി ഊട്ടേക്കൂടെ വര്‌ണ്‌ട്ടാ....!