കവിയും ഭ്രാന്തനും

എന്റെ പ്രിയപ്പെട്ട ഭ്രാന്താ,
നീ എനിക്കും എനിക്കുമിടയില്‍ എന്ത്?

നീ അഹമെന്ന പുറന്തോട് തകര്‍ത്ത്
അകത്തെ അഴുക്കുകള്‍ മണത്ത്
മറച്ചുവെക്കാത്ത മോണകാട്ടി
കാപട്യമില്ലാത്ത കൊഞ്ഞനം
വഴിനീളെയലഞ്ഞ് കീറക്കുപ്പായത്തിലെ
വിഴുപ്പുകളര്‍ത്തി രസിക്കും
അനൌചിത്യങ്ങളില്‍ അളിഞ്ഞ വീമ്പിളക്കം
പരക്കം പായും ജീവിതാതിമോഹങ്ങളെ
പരിഹസിച്ചിളിക്കും കോപ്രായം
ഉടുത്തൊരുങ്ങിയ പകല്‍ മാന്യതകളില്‍
ഉളുപ്പുതെറിപ്പിക്കും വായ്ത്താരി

എന്റെ പ്രിയപ്പെട്ട ഭ്രാന്താ,
നിനക്കും എനിക്കുമിടയില്‍ എന്ത്?
നീ പുലമ്പും ശരികളുടെ കയ്പ്പറിഞ്ഞ്
വലിഞ്ഞകലുന്നവരാണേറെയും
നീ തുപ്പും ജീവിതനീറ്റലുകള്‍
ഏല്‍ക്കുവാന്‍ കെല്‍പ്പില്ലാര്‍ക്കും
നീ അലമ്പും പൊള്ളുന്ന വാക്കുകള്‍
കൊള്ളുവാനാരെവിടെ
ഇവിടെയിത്തിരി ജീവിതനേരത്ത്

നീയും ഞാനും ഒരേ തന്മാത്രയുടെ
പങ്കുപട്ടുകാരെന്ന്
ഇന്നിതാ ശാസ്ത്രവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ