കലണ്ടര്‍

പഴകിപ്പറിഞ്ഞ
എത്ര കലണ്ടറുകളാണ്
നാം വലിച്ചെറിഞ്ഞത്.

അര്ഥശൂന്യമായ ദിനങ്ങളെത്ര
വീട്ടില്,നാട്ടില്,
തൊഴിലിടങ്ങളില്‍,
വഴിവക്കില്,
പീടികവരാന്തകളില്,
സുഖസങ്കേതങ്ങളില്...
പ്രതീക്ഷകളുടെ ഒരു പാടു
കലണ്ടറുകള് വാങ്ങി നാം
മേനി പറച്ചിലിന് നൂറു നാക്കുകളായി
കറുത്ത അക്കങ്ങള് ക്കു
വ്യാമോഹവ്രുത്തം വരച്ചു.

പിന്നെ,
തൊഴിലിടങ്ങളില് ഭാഗധേയം
മറന്നു വെച്ചു.
ചുവപ്പക്കങ്ങളില് തിമിര്ത്താടി
നെടുകയും കുറുകെയും
മദോന്മത്തരായി ആര്ത്തലഞ്ഞു
ചോരയാല് കണക്കുകള് തീര്ത്തു
കണക്കുകളേറെ ഗണിച്ചു,
പിഴച്ച കണക്കുകളുടെ
വക്കടര്ന്ന വാക്കുകളുടെ
എത്ര കലണ്ടറുകളാണു
നാം വലിച്ചെറിഞ്ഞത്
നെടുവീര്പ്പുകള് മറിച്ചിട്ട താളുകള്
തിരിച്ചുവരരുതെന്ന്
നാം പ്രാര്ഥിച്ചു.

ഇനിയൊടുവില്‍,
തിരുത്തലുകള്ക്ക് അവസരം നല്കാതെ
കണക്കുതെറ്റാതെ ഏതോ
ഒരു ദിനത്തിലൊരു കറുത്ത അക്കം
നമ്മെ കാത്തിരിക്കുന്നുണ്ടാവും.

പ്രബോധനം വാരിക ഒക്ടോബര്‍ 24 2009