ചാനലുകാരുടെ ചോദ്യങ്ങള്‍

ചാനലുകാരുടെ ചില ചോദ്യങ്ങള്‍
ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട സൈക്കിള്‍ പോലെയാണ്.
എതിരേയുള്ളവനെ തട്ടിത്തെറിപ്പിച്ച്
അത് പിന്നെയും ലക്ഷ്യമില്ലാതെ കുതിക്കും.

ചില ചോദ്യങ്ങള്‍,
എരിവു പുരട്ടിയ അമ്പുകളാണ്
അഭിമാനത്തില്‍ തറച്ച്
ദുരനുഭവത്തിന്റെ നീറ്റലുകള്‍ അവ ഉണ്ടാക്കും.
വെയിലേറ്റ് വാടിത്തളര്‍ന്ന കുട്ടി
വെള്ളം ചോദിക്കുന്നതുപോലെയാണ്
ചില ചോദ്യങ്ങള്‍.
ഉത്തരം പറഞ്ഞില്ലെങ്കില്‍
പണി പോകുമെന്ന് കട്ടായം!

ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമേ
അവര്‍ക്കറിയൂ എന്നത് അവര്‍ക്ക് മാത്രമേ അറിയൂ.
ഉത്തരങ്ങള്‍ ആരെങ്കിലുമൊക്കെ
പറഞ്ഞുകൊണ്ടിരിക്കണമെന്ന
ശാട്യമേ അവര്‍ക്കുള്ളൂ.
അതുകൊണ്ടുതന്നെ,
മൊബൈല്‍ ചിലക്കുമ്പോള്‍
അപശകുനം കാണുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ചോദ്യപ്പേടിയില്‍ പത്രം മനസ്സിരുത്തി വായിക്കാനും
മനനം ചെയ്യാനും ചിലര്‍ സാഹസപ്പെട്ടുതുടങ്ങിയിരിക്കുന്നു.
തനിക്കുമാത്രമറിയാവുന്ന ചോദ്യങ്ങള്‍
ഇവരെങ്ങിനെയറിഞ്ഞു എന്നാണ് ചില ഭാവങ്ങള്‍.

ചോദ്യങ്ങളുടെ വിശപ്പാറാത്ത
ഉത്തരങ്ങളാണ് ചിലര്‍ നല്കുന്നത്.
ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍
ഞെരിഞ്ഞമരുന്ന കാണിയെ സമ്മതിക്കണം.

ഗള്‍ഫ്മാധ്യമം 'ചെപ്പ്' ഫെബ്രുവരി 5 2010

1 അഭിപ്രായം: