കാളക്കൂടവികസനം

ഒരുതുള്ളിനീരില്ല ദാഹമണക്കുവാ-
നിക്കണ്ണുനീര്‍ തോര്‍ന്ന നേരമില്ല
ഒരുതരിശ്വാസമില്ലിറക്കുവാനായീ
വിഷഗന്ധമറിയാത്ത കാറ്റുമില്ല

ജീവിതാഗ്രങ്ങളെ കൂട്ടിയിണക്കുവാ-
നാവാതെ നരകിക്കും പച്ചമനുഷ്യര്‍ക്ക്
വികസനം ഭീകരസ്വപ്നമായ് പത്തി
വിടര്‍ത്തിത്തിമിര്‍ത്താടുന്നനന്തമായ്

അധികാരഗര് വ്വിന്റെ ദണ്ഡുകളേറ്റ്
നിസ്വനിലങ്ങള്‍ നിലവിളിക്കുന്നു
നീരറ്റിടറിയ തൊണ്‍ടകള്‍ കുത്തി-
ക്കുടിനീരൂറ്റി കൊലവിളിക്കുന്നു

ആര്‍ത്തുകേഴുന്നൊരാ ദൈന്യജന്മങ്ങളെ
വീര്‍പ്പുകള്‍ മുട്ടിച്ചടിച്ചമര്‍ത്തുന്നു
വികസനപ്പേരില്‍ കുതിക്കുന്നന്ധതയുടെ
വിനാശത്തേരേറിപ്പിടയുന്നു നാടുകള്‍

സങ്കല്പ്പനങ്ങളെ പറഞ്ഞുപരത്തി
സ്വപ്നങ്ങളില്‍ നിന്നവരെ കുടിയിറക്കി
അവശിഷ്ടജീവിതക്കൈപ്പുനീരിറക്കു-
മവകാശങ്ങളെക്കൊന്നു കുഴിമാന്തി
കുഞ്ചിതമോഹത്തമ്പുരാക്കന്മാര്‍ക്ക്
നെഞ്ചത്തുകൂടെ വെട്ടുന്നു പെരുമ്പാത

നിലനില്പ്പിനായിപ്പൊരുതും തടങ്ങളില്‍
നിന്നടര്‍ത്തിയെടുത്തെത്ര ജീവിതങ്ങള്‍
അധമദുശ്ശക്തികള്‍തന്‍ നുകം പേറിപ്പായു-
മധികാരവര്‍ഗ്ഗവേതാള്‍ങ്ങള്‍
ഹുങ്കിന്‍ രഥം മേലുരുട്ടിരസിക്കു-
ന്നിരകളെ കൊഞ്ഞനം കാട്ടിച്ചിരിക്കുന്നു

നിലനില്പ്പുദാഹിച്ചുയരുന്ന ദീനമാം
നിലവിളി ചെല്ലാത്ത മാത്രയിലധികാര
കര്‍ണ്ണങ്ങളഹങ്കാരത്താഴിട്ടടച്ചതാര്‍?

രാഷ്ട്രീയസേവകനാട്യപ്രഭുക്കളെ
നിര്‍ത്തുകീവ്യര്‍ത്തമാം കാപട്യനാടകം
എങ്ങോട്ടെങ്ങോട്ട് പാഞ്ഞുപോകുന്നു
പുലമ്പിപ്പുലരാത്ത പൊങ്ങച്ചവാക്കുമായ്

വിഷമം പിടിച്ചൊരീ ജീവിതപ്പരിസരം
വിഷമയമാര്‍ന്ന് നടുങ്ങിത്തരിക്കവെ
മടിച്ചുനില്‍ക്കുവാനാകില്ല ഞങ്ങള്‍ക്ക്
തുടച്ചുനീക്കുവാനാകില്ലീ തീപ്പൊരി

ആശിച്ച ജന്മാവകാശങ്ങളില്‍, ജീവി-
തായോധനങ്ങളാല്‍ തളിരിട്ട സ്വപ്നങ്ങള്‍
തട്ടിത്തകര്‍ക്കാനാവില്ല, നിങ്ങള്‍തന്‍ വ്യാമോഹം
പൊട്ടിത്തെറിക്കുമീ രോഷാഗ്നിവൃഷ്ടിയില്‍.