മരണവീട്ടില്‍

ജീവിച്ചിരിക്കെ
കാണാതെ പോയവര്‍
ജീവന്‍ നിലക്കെ
വിരുന്നുവരും.
മുന്നില്‍ നില്‍ക്കിലും
ഗവ്നിക്കാതൊഴിഞ്ഞവര്‍
ചാവുചോറുണ്ണും.
ചോദിച്ചപ്പോഴെല്ലാം
കൈമലര്‍ത്തിവലിഞ്ഞവര്‍
ചത്ത ആവശ്യങ്ങളെ
അയവിറക്കും.
ചിരിക്ക് പ്രതിചിരി
വിധിക്കാനറച്ചവര്‍
മറഞ്ഞ മനുഷ്യത്വം
പറഞ്ഞ് പെരുക്കും.
വിശന്ന വിളിക്കുനേരെ
കാതടച്ചുവെച്ചവര്‍
വിശപ്പാറിയ നേരത്ത്
ദണ്ണം വിളമ്പിത്തിമിര്‍ക്കും.
അഭിമാനം മറന്നും
ജീവിക്കാനുള്ള തോറ്റവും
പൊറപ്പിക്കാത്തവര്‍
നട്ടാല്‍ മുളക്കാത്ത
അവകാശവാദവുമായി
രംഗം കീഴടക്കും.