കനല്‍

ചുട്ടുപഴുത്ത
അനുഭവങ്ങളില്‍ നിന്നും
പരുഷപ്പെടാതെയും
പരിഭവപ്പെടാതെയും
പ്രവാസി എരിഞ്ഞുനില്‍ക്കുന്നു.

അകിടുവറ്റിയ കാര്‍മേഘം
പിഴിഞ്ഞുകുടഞ്ഞ
ഏതാനും ജലകണികകള്‍
ഊഷരതയെ മുത്തിമുകരാന്‍
വെമ്പിയണയും പോലെ
അവന്‍ പ്രണയം
അണയാതെ കാക്കുന്നു.

തീമണ്ണിനോട് കലഹിച്ചും
വിധിയെ മാറോടണച്ചും
സ്വപ്നങ്ങളെ നിര്‌വീര്യമാക്കാന്‍
ശോഷിച്ച ദേഹത്തിനകത്തിനിയും
ശേഷിച്ച ഹൃദയനനവിന്റെ
ആഹ്ലാദാവേശമാണ്
അവനെ കത്തിച്ചുനിര്‍ത്തുന്നത്.