സാഫല്യം

പകലിരവുകളില്‍ നോറ്റ നോമ്പിന്റെ നിര്‍‌വൃതി
അകതാരിലാനന്ദപ്പുളകത്തിന്‍‌ ശവ്വാലൊളി
ശപ്തദുര്‍‌ബോധകപീഢകളേല്‍‌ക്കാത്ത
തപ്തഹൃദയങ്ങള്‍‌ക്കാശ്വാസസാഫല്യപ്പുലരി

ദൈവേച്ഛ കല്‍‌പ്പിച്ച മോക്ഷവഴിത്താരയില്‍‌
ദേഹേച്ഛയെക്കൊന്നു വിശ്വാസദാര്‍‌ഢ്യമായ്
പശിദാഹഭോഗലാഭാര്‌ഥികളൊക്കെയും
സഹനാഗ്നിശുദ്ധിവരുത്തി കരുത്തരായ്

നോമ്പിന്റെ നോവാല്‍ കരിച്ചു കറയറ്റ
വാഴ്വിന്റെ നേരും നെറിയും കുരുത്തുപോയ്
സുഖസ്വാര്‍ഥധനകാമസങ്കുചിതത്വങ്ങളി-
ലഖിലാണ്ഡമാനവസോദരചിന്തയായ്

ദാഹം നോറ്ററിഞ്ഞു നിസ്വവിഹ്വലതകള്‍
പശിസഹിച്ചാര്‍ജിച്ചു നിഷ്കപടചിത്തരായ്
വിളികേട്ടുണര്‍‌ന്നവര്‍‌ക്കൊരുപോലെസ്നേഹ-
ത്തണലേകുമള്ളാഹു ശാശ്വതം നിശ്ചയം.