ഒരു വാക്ക്

വെളുത്ത നൂലിഴകള്‍ കൊരുത്ത്
മറവിയുടെ മാറാല മൂടും മുമ്പ്,
വിചിന്തിനത്തെ വിളിച്ചുണര്‍ത്തുക.

കറുത്ത കന്മതില്‍പടുതയില്‍
കണ്ണുകള്‍ തപ്പിത്തടയും മുമ്പ്,
വെണ്‍കാഴ്ചകള്‍ക്കായല്പം
ഉള്‍ക്കണ്ണ് തുറന്നുവെക്കുക.

അനര്‍ഥങ്ങള്‍ അയവിറക്കി
നാക്ക് കഴയും മുമ്പ്,
നന്മകള്‍ നുണഞ്ഞറിഞ്ഞ്
നറുവാക്കുകള്‍ പെയ്യിക്കുക.

അനാവശ്യങ്ങളുടെ തുറുങ്കില്‍
ഉലഞ്ഞ ഉടല്‍, ഉറഞ്ഞൊടുങ്ങി
വെള്ളയുടുക്കാനൊരുങ്ങും മുമ്പ്,
ഉള്ളറിഞ്ഞ് നിയതിയെ തേടുക.

കരുത്തൊഴിഞ്ഞ് കാലിണകള്‍
ബന്ധിച്ചുവെക്കപ്പെടും മുമ്പ്,
തിരിച്ചറിവിന്റെ വഴിയില്‍
ചുവടടയാളങ്ങള്‍ തീര്‍ക്കുക.

തനിച്ചൊരിടത്തകം വെന്ത്
കഴിയാന്‍ പോകും മുമ്പ്,
വാഴ്വില്‍ നന്മകള്‍ പൂക്കുവാന്‍
സ്നേഹസൗരഭ്യം പാറുക.