മൂന്ന് അനുഭവങ്ങള്‍

നോമ്പുകാലത്ത് ശ്രദ്ധയില്‍‌പ്പെട്ട ചിലത് കുത്തിക്കുറിച്ചാല്‍ കൊള്ളാമെന്ന് വിചാരിക്കുന്നു. അനുഭവങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ കുറിപ്പുകളിലൂടെ അവതരിപ്പിക്കാനുള്ള കഴിവില്ലെങ്കിലും...
അറബികുട്ടികള്‍
സാധാരണഗതിയില്‍, അറബികുട്ടികളെ പുലര്‍ക്കാലങ്ങളില്‍ അപൂര്‍‌വ്വമായേ കാണാനാവു. നോമ്പുകാലത്താണ് ഇവരുടെ തിരയിളക്കം. ദേര ഹോര്‍ അല്‍ അന്‍സിലെ അല്‍ ശാബ് കോളനി ഭാഗത്തെ പള്ളിയില്‍ പുലര്‍ച്ചെ അത്താഴമെന്തെങ്കിലും കഴിച്ച് നമസ്കരിക്കാന്‍ പോകുമ്പോള്‍ ഇവരെ കാണുമ്പോള്‍ ഷോളയാര്‍ ചുരങ്ങളില്‍ ചാഞ്ചാടി നടക്കുന്ന കുട്ടിക്കുരങ്ങന്മാരെ ഓര്‍മ്മവരും. നമസ്കാരസമയത്തും ഇവരുടെ ആര്‍പ്പും വിളികളും കേള്‍ക്കാം. ചില കുട്ടികള്‍ അത്താഴം കൊണ്ടുവന്ന് കൂട്ടുകാരോടൊപ്പം ഏതെങ്കിലും വാഹനത്തിന്റെ പുറത്തുകയറിയിരുന്ന് കഴിക്കുന്നത് കാണാം. തീറ്റ കഴിഞ്ഞ് പാത്രത്തില്‍ താളം പിടിച്ചായി പിന്നെ ഇരിപ്പ്! ഇടക്ക് പള്ളിയുടെ അകത്തളത്തിലും ഇവരുടെ വിക്രിയകള്‍ ഉണ്ടാകാറുണ്ട്. നാട്ടില്‍ അല്ലാഹുവിനെ പേടിയില്ലാത്തവരും ഉസ്താക്കന്മാരെ പേടിച്ചെങ്കിലും പള്ളികളില്‍ നിറസാന്നിദ്ധ്യമാവാറുള്ള കുട്ടികളെ (ഏല്ലാവരുമല്ല) ഓര്‍‌ക്കുമ്പോള്‍ ഇതില്‍ അസ്വഭാവികത തോന്നുന്നതില്‍ പ്രയാസമില്ലല്ലോ!

എന്നാല്‍, നോമ്പിന്റെ അവസാനനാളുകളില്‍ വ്യത്യസ്തമായ കാഴ്ചയായിരുന്നു ഇവരില്‍ നിന്നുണ്ടായത്. പള്ളിയില്‍ ഇഅത്തിക്കാഫ് (ഭജനം) ഇരിക്കുന്ന വിശ്വാസികള്‍ക്ക് വെള്ളം, ഭക്ഷണം തുടങ്ങി അവശ്യമായ സഹായങ്ങള്‍ക്ക് മല്‍‌സരാവേശത്തോടെ ഓടിനടക്കുന്നതും ഈ കണ്ണുകള്‍ കൊണ്‍ട് കാണാനായി.

നോമ്പുതുറ
റമളാന്‍ മാസത്തില്‍ നോമ്പുതുറക്കുള്ള വിഭവങ്ങള്‍ പള്ളികളിലും വീടുകളിലും എത്തിച്ചുകൊടുക്കുക എന്നത് അറബികളുടെ ശീലമാണ്. പുണ്യമാസത്തില്‍ അല്ലാഹുവില്‍ നിന്ന് കൂടുതല്‍ പ്രതിഫലം ആഗ്രഹിച്ചാണ് ഇങ്ങിനെ ചെയ്തുവരുന്നത്. കാരക്ക, ജൂസുകള്‍, ബിരിയാണി, അരീസ് തുടങ്ങിയ വിഭവങ്ങള്‍ എത്തുന്നത് പ്രതീക്ഷിച്ച്, പള്ളികളില്‍ നേരത്തെ തന്നെ വിവിധരാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തിയിരിക്കും. വിവിധ രാജ്യക്കാര്‍ ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്ന കാഴ്ച ഒരു കാവ്യാനുഭവം തന്നേയാണ്. പരസ്പരം വിദ്വേഷം പുലര്‍ത്തുന്ന രാജ്യക്കാരും ഇതില്‍‌പ്പെടും. വിശ്വമാനവികതയുടെ ഒരു വിളംബരം തന്നേയാണ് ഗള്‍ഫുനാടുകളില്‍ നടന്നുവരുന്ന നോമ്പുതുറ.

ചിലയിടങ്ങളില്‍ ബംഗ്ലാദേശികളുടെ പരാക്രമങ്ങള്‍ ദൃശ്യമായിരുന്നു. നോമ്പുതുറവിഭവങ്ങള്‍ സമാഹരിക്കുന്നതിലുള്ള ഇവരുടെ അനവധാനതമൂലം നോമ്പുതുറയുടെ അടുക്കും ചിട്ടയും നഷ്ടപ്പെടുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. ദാരിദ്രത്തിന്റെ പൂര്‌വ്വാനുഭവങ്ങളുടെ പ്രേതം വിട്ടുമാറാത്തതാവും ഇതിനവരെ പ്രേരിപ്പിക്കുന്നത് എന്ന് ആശ്വസിക്കാന്‍ ശ്രമിക്കാം. മാത്രമല്ല, ഭൂരിഭാഗം ബംഗ്ലാദേശികളും താഴ്ന്നവരുമാനക്കാരും കൂടിയാണ്.

ഒരു പെരുന്നാള്‍ദിന അനുഭവം
അഥവാ അപൂര്‍‌വ്വസംഗമം
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷം പങ്കിട്ട് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ മൂവര്‍സംഘത്തില്‍ ഒരു അബ്ദുല്‍ അസീസുണ്ട്. കണ്ണൂര്‍ ചക്കരക്കല്ലിനടുത്ത് കണയന്നൂര്‍ സ്വദേശി. ഞങ്ങളുടെ കൂടെ മുമ്പ് താമസിച്ചിരുന്ന കോഴിക്കോട് പേരാമ്പ്രക്കാരനായ അബ്ദുല്‍ അസീസായിരുന്നു ഇന്നത്തെ ആദ്യത്തെ അതിഥി. താമസിയാതെ അടുത്ത ആളുടെ ചിലവില്‍ എന്റെ മൊബൈല്‍ ചിലച്ചു. വീട്ടിലേക്കുള്ള വഴി ആരായാനാണ് വിളി. അങ്ങനെ അദ്ദേഹവും എത്തി. മലപ്പുറം എടപ്പാളുകാരന്‍. അതും അബ്ദുല്‍ അസീസ്!

അബ്ദുല്‍ അസീസുമാരുടെ കൂടിളക്കത്തില്‍ ആശ്ചര്യം കൂറി ഞാന്‍ ചോദിച്ചു: ഇത് അബ്ദുല്‍ അസീസുമാരുടെ സമ്മേളനമോ? ചോദ്യത്തില്‍ നിന്നൂറിയ ചിരി നിലക്കുന്നതിന് മുമ്പ് കാളിംഗ് ബെല്ലടിച്ചു. വാതില്‍ തുറക്കാന്‍ പോകുമ്പോള്‍ ഞാന്‍ പറഞ്ഞു: ഇനി അതും ഏതെങ്കിലും അബ്ദുല്‍ അസീസായിരിക്കുമോ! വാതില്‍ തുറന്നു, പരിചയമില്ലാത്ത ആളാണ്. വീട് മാറിയിട്ടില്ലെന്ന് സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. അയല്‍‌വാസിയും ഞങ്ങളുടെ ഒരു സുഹൃത്തിന്റെ പരിചയക്കാരനുമാണ്. റൂമിലേക്കാനയിച്ച് മറ്റുള്ളവരോടൊപ്പം പരിചയപ്പെട്ടുതുടങ്ങിയപ്പോളാണ് സംഗതി. ആദ്യം എല്ലാവരും അല്പം നിശബ്ദരാകുകയും പിന്നെ ചിരിച്ചമരുകയും ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ പേരും അബ്ദുല്‍ അസീസ്!!


Photo Courtesy: Ali Niravumnizhalum

1 അഭിപ്രായം: