അടക്കം

നെഞ്ഞോടുരുമ്മിക്കിടക്കിലും
അവള്‍
കിനാവില്‍ താരാട്ടിയത്
മറ്റാരെയോ?

കണ്ണില്‍ നോക്കിലും
അവളുടെ കണ്ണുകള്‍
കരളിനെ കുത്തിപ്പാഞ്ഞത്
എവിടേക്കോ.
കാതില്‍ കിന്നാരം

ഓതിത്തിമിര്‍ക്കിലും
മനസ്സിന്റെ കാണാമറയത്ത്
മറിച്ചുകടത്തിയതെന്ത്?

ചിരിയുടെ
കിലുക്കങ്ങള്‍ക്കിടയില്‍
തകരുന്ന ഒന്ന്
അറിയാതിരുന്നോ?

അസമയത്തെ ഫോണടിയുടെ
വിഭ്രനിശ്ചേതനാവസ്ഥയില്‍
കഥയില്ലാതെ കലമ്പിയ
കൈവളകളോടമര്‍ഷമൂറിയോ.

ആവശ്യപ്പെരുക്കങ്ങള്‍
ആവലാതിമൊഴികളായ്
കുമിഞ്ഞ് കൂടുമ്പോഴും
മറുകൈയില്‍ ഒതുക്കിപ്പിടിച്ച
'ടെക്സ്റ്റ് മെസ്സേജി'ല്‍
ആരുടെ അടക്കാനാവാത്ത
വീര്‍പ്പുകളാണ്.