അടയാളങ്ങള്‍


പ്രതീക്ഷകള്‍ കടലെടുത്ത
പടുകിഴവനെപ്പോലെ
ആഘോഷങ്ങളുടെ നഗരത്തെ
തുറിച്ചുനോക്കിനില്‍ക്കുന്നു,
കാലഗതിയില്‍ ദ്രവിച്ച ഒരു ചുമര്.
പൊതുനിര്‍മിതിയുടെ വിഴുപ്പുകളേറ്റ്
സ്വത്വം മറന്ന്.
'അടിപൊളി'പ്പിള്ളേരെപ്പോലെ
അച്ചടക്കമില്ലാതെ കയറിവന്ന വേരുകള്‍
ചുമരിനെയോ, തിരിച്ചോ താങ്ങിനിറുത്തുന്നത്?
ചുമര് പിളരാതെ നിറുത്തുന്നത്
തങ്ങളെന്ന ഭാവേന
നന്മവറ്റി വലിഞ്ഞിടങ്ങളില്‍
വലിഞ്ഞുകയറിയ തിന്മയുടെ പുറ്റുകള്‍.
വിപ്ളവത്തിന്റെ മറവില്‍ ചിന്തിയ
ബലിരക്തസാക്ഷ്യങ്ങള്‍.
അധര്‍മം മണക്കുന്ന വാചാലതകള്‍
അറിവിനെ വഞ്ചിച്ച വാഗ്ധോരണികള്‍
നിയമത്തെ വെല്ലുവിളിച്ച ആക്രോശങ്ങള്‍
നീതിയെ കൊന്നുവിജയിച്ച അട്ടഹാസങ്ങള്‍
ഇരയെത്തേടുന്ന ആര്‍ത്തിവായകള്‍
വിപ്ളവം അലങ്കാരമാക്കിയവരുടെ
ചിരിയൊട്ടിച്ച മുഖങ്ങള്‍
നിരപരാധിയെ ചൂഴ്ന്ന കൈയൂക്കുകള്‍
അപരാധങ്ങള്‍ മറക്കുന്ന അപദാനങ്ങള്‍
നിയതിയെ മറന്ന പുണ്യവായ്ത്താരികള്‍
കടലാസുരൂപം പൂണ്ട
ചുമരേറിയ കിടമത്സരങ്ങള്‍.
സൂക്ഷിച്ചുനോക്കിയാല്‍ കാണാം
ധര്‍മം പുലര്‍ത്തിയ മഹാവാക്യത്തിന്റെ
ഹിംസ വെറുത്ത മഹാത്മാവിന്റെ
കീറിപ്പറിഞ്ഞ് മങ്ങിയ കൈരേഖകള്‍.
ആരൊക്കെയോ ചേര്‍ന്ന് തല്ലിക്കെടുത്തുമ്പോഴും
ഇരുള്‍ച്ചയെ പിളര്‍ത്തിവരുന്നുണ്ട് പ്രതീക്ഷകള്‍
അനീതിയെ പൊള്ളിച്ചുയരും തീനാളങ്ങളായ്
ഭീതിമറച്ചുണരുന്നുണ്ട് തളിരുകള്‍.

Prabodhanam weekly  05/03/2011