യാത്രാന്ത്യം

ദുര്‍ഗന്ധങ്ങളുടെ ഭാരങ്ങള്‍
ഉള്ളിലൊളിപ്പിച്ച നഗരത്തെപ്പോലെ
പകിട്ടുടുത്ത ദീനഭാവങ്ങള്‍ക്ക്
ഇനി ഒളിച്ചുകളിയാവില്ല.

പാര്‍ക്കുകളില്‍ ഒഴുക്കിക്കളയാനാവാതെ
തിരികെ ഫ്ലാറ്റണയുന്ന ചങ്കിടിപ്പുകള്‍.
നഗരോരങ്ങളില്‍ പാര്‍ത്ത്
തീ തിന്നുന്ന പൊയ്മുഖങ്ങള്‍.
നാട്ടിടങ്ങളിലെ ശീലങ്ങളുറയൂരി
മരുപ്പട്ടണത്തോടൊട്ടിയ നിഴലുകള്‍.
അകം പാര്‍ക്കും വരാക്കിനാക്കളെ
താരാട്ടിയുറക്കി ചൂടുകാഞ്ഞവര്‍.
നീറ്റലുകള്‍ ഉള്ളില്‍ കെട്ടിയിട്ട്
നുണകളില്‍ ചമഞ്ഞവര്‍.
അനുശീലങ്ങളുടെ അടിവേരറുത്ത്
അഗ്രഹാരത്തിന് കൂട്ടുകിടക്കാന്‍ വന്ന
ആഗ്രഹങ്ങളെന്ന അസംബന്ധങ്ങള്‍.

നട്ട് കഴഞ്ഞ സ്വപ്നങ്ങള്‍ക്കിനി
നാട്ടിലേക്ക് കാലുനീട്ടിയിരിക്കാം.