അലമാര

പുതിയ അലമാര വാങ്ങിയ
ആഘോഷത്തിനിടെ
അവജ്ഞയോടെ നോക്കി പഴയതിനെ
പുസ്തകങ്ങള്‍ പുറത്തെടുത്തടുക്കിവെക്കെ
പൊക്കമവക്ക് തന്നേക്കാളെത്രയോ!

പുതിയ സ്‌ഫടികശോഭക്കൂട്ടില്‍
കാഴ്ചപ്പണ്ടങ്ങളാകാന്‍
വിധികാത്തൊരിക്കല്‍ കൂടിയവ
അകത്തെ വിഴുപ്പുമാറാലകള്‍
വകഞ്ഞിത്തിരി വെട്ടമണയും മുമ്പ്
കൂട്ടിലടച്ചുവെച്ചുമറന്നവ
ചിന്തയുടെ തിരി തെളിയും മുമ്പ്
തല്ലിക്കെടുത്തി ഒളിച്ചുവെച്ചവ

പുറംചട്ടയുടെ പുളപ്പില്‍ മയങ്ങി
അരിക്കാശ് തുലച്ച് വാങ്ങിയവ
ലോലസമവാക്യങ്ങളെ പരതിശപിച്ച്
വലിച്ചെറിഞ്ഞ് കളഞ്ഞവ

വായിച്ച് വായിച്ചുറക്കിയതിന് പിന്നെ
മറവിയിലേക്ക് ഊര്‍‌ന്ന് പോയവ
വലിയതെന്ന വകവെപ്പില്‍
വായിച്ചുതീരെ ചെറുതായിപ്പോയവ

വലിഞ്ഞുകയറിയ ചിതലുകള്‍ തിന്ന്
അര്‍ഥലോഭം ഭവിച്ച വാക്കുകള്‍ പേറുന്നവ
അടിവരയിട്ട വരികള്‍ക്കിടയില്‍ നിന്ന്
നെരിപ്പോട് കടഞ്ഞ ചിന്തകള്‍ തന്നവ
വീര്യമുടുത്ത ശബ്ദങ്ങളാല്‍
മുഷ്ടി ചുഴറ്റിയ ഭാവനകള്‍ നെയ്തവ

അസുഖകരസ്മരണകള്‍ പോലെ
അടര്‍ന്നൊഴിയാന്‍ വെമ്പും
പാവുതകര്‍ന്നേടുകള്‍ ഭാരമായവ

ആയുസ്സിലേറെയും കുടിച്ചുതീര്‍ത്തവ
ഇനിയും പൊടിതട്ടിയെടുത്തുവെക്കണം!