അകലം

അകത്തൊരുക്കിവെച്ച
ദുരയുടെ തീന്‍‌മേശയില്‍
വിഭവഭേദങ്ങളുടെ ഇരകള്‍.
രസം മുറ്റിയ രുചകളിലേക്ക്
മല്‍സരിച്ച് ചീറിയടുക്കുന്ന
വയറിന്റെ അടിമകള്‍.
ഭക്ഷ്യനായാട്ടിന്റെ
കൊതിതീരാത്ത നാവുകള്‍.
ഏമ്പക്കങ്ങള്‍ക്കൊടുവില്‍
പാഴായ ഉച്ഛിഷ്ഠങ്ങള്‍.
തിന്നിട്ടും തീരാത്ത പൊങ്ങച്ചങ്ങള്‍.

പുറത്തകലെ - ഊതിപ്പൊക്കിയ
സംസ്കാരപ്പൊയ്മുഖം
എത്തിനോക്കാനറയ്ക്കുന്നിടത്ത്,
നിവൃത്തികേടില്‍
നിലവിളിക്കുന്ന വിശപ്പ്,
കരുണ കേഴുന്ന ദൈന്യത,
ഭയമുടുത്ത കണ്ണുകള്‍.
വരണ്‍ട തൊണ്ടയില്‍ ഞെരുങ്ങി
പുറത്തിറങ്ങാന്‍ വെമ്പുന്ന
ചുളിഞ്ഞ വാക്കുകള്‍.
മാനം ബലികൊടുത്ത്
ഇരന്നുപോകുന്ന വിവശതകള്‍.

ജന്മത്തെ പ്രാകിയൊടുവില്‍
ഭൂമിയില്‍ നിന്ന് സ്വയമടര്‍ന്ന്
വേര്‍പെട്ടുപോകേണ്ടിവരുന്ന വ്രണങ്ങള്‍.