ഫേസ്ബുക്ക്

ഓര്‍മ്മകള്‍ മുനതേഞ്ഞ് തീര്‍‌ന്നിട്ടും
കാലം നനവറ്റിയ ഹൃദയത്തോടൊപ്പം
തിരക്കുകളിലേക്ക് ചുരുങ്ങിപ്പോയിട്ടും
എന്തേ നിന്നെ തിരിച്ചറിയുന്നു ഞാന്‍‌.

അന്നെന്റെ പൊള്ളിയ ചിരികള്‍ക്ക്
ഉള്ളറിയാത്ത ചിരിയായി നിന്നെങ്കിലും
നിന്മുഖം പൂവിടും നേരങ്ങളെന്റെ
കിനാവില്‍ വരഞ്ഞ നീറ്റലുണ്ടിപ്പോഴും.

ഹൃദയപരാഗം നേദിക്കെ നീയന്ന്
പറയാതൊഴിഞ്ഞ വാക്കിനെ പ്രണയിച്ച്
തളിരിട്ട കാമനപ്പൂമരച്ചോലയില്‍
കുത്തിക്കുറിച്ച പ്രണയകാവ്യങ്ങളും
ജീവഗന്ധിയാമൊരു വളകിലുക്കത്തെ
കാതോര്‍ത്തിടനെഞ്ച് പോറ്റിയ കാമ്യങ്ങളും
മറവിതുളച്ചുതികട്ടിവരുന്നിപ്പോള്‍
നിന്നെ തിരിച്ചറിയുന്നു ഞാന്‍‌.

കാലം കടലുകടന്നുപോയിട്ടും
മറന്നുപോകാതൊന്നുണ്ട് ബാക്കി-
യെന്നെന്നെ തിരുത്തി നീ
മാറിയകോലത്തിലും,
ഒളിച്ചുവെക്കുവാനാവാതെയാമുഖം,
അടര്‍ത്തിമാറ്റാന്‍‌ അരുതാത്ത
തിക്തജീവിതയാഥാര്‍‌ഥ്യബന്ധനക്കൂട്ടിലായ്.