ഗള്‍ഫ് കാറ്റ് തിരികെ വീശുമ്പോള്‍

പ്രവാസം സ്ഥിരതയില്ലാത്ത കാറ്റു പോലെയാണ്. പണ്ടൊരിക്കല്‍ സിലോണിലേക്കും ബര്‍മയിലേക്കും അത് വീശി. പിന്നീട് മലേഷ്യയും സിങ്കപ്പൂരും തഴുകിത്തലോടി. ഒടുവില്‍ പ്രത്യാശയുടെ കപ്പലില്‍ ഗള്‍ഫ് രാജ്യങ്ങളുടെ മരുഭൂവിലേക്ക് കുതിച്ചു. ഇവിടെയും പ്രതീക്ഷകള്‍ വറ്റിത്തുടങ്ങുമ്പോള്‍ ഇനിയൊരു ഇടം എവിടെയായിരിക്കും?
ഏതാനും നാള്‍ മുമ്പ് ദുബൈയില്‍ നടന്ന ഒരു കുടുംബ സംസ്‌കരണ ക്യാമ്പില്‍ വെച്ച് പ്രമുഖ ഫാമിലി കൗണ്‍സിലര്‍ പ്രഫ. അബുല്‍ ഖൈര്‍ ചോദിച്ചതാണിത്.
നാടും വീടും കാക്കാനുള്ള നിരവധി പ്രയാണങ്ങള്‍ക്കൊടുവില്‍ മലയാളിക്ക് അതിജീവനം ഓതിക്കൊടുത്ത മണലാരണ്യം ഒരു പഴങ്കഥയാവാന്‍ ഇനി കാലവിളംബമില്ല. ഗള്‍ഫുകാരന് നാട്ടിലെ സാധാരണ തൊഴിലാളിയുടെ വില പോലും അടുത്തിടെയായി സമൂഹം നല്‍കാറില്ലെന്നതാണ് നേര്. നാടും വീടും പുലര്‍ത്താന്‍ പരദേശിപ്പണി തേടിയവരെ ഇളിഭ്യരാക്കിയാണ് നാട്ടിലെ കൂലിപ്പണിക്കാരടക്കം പത്തു കാശ് ഉണ്ടാക്കിയത്. നാടന്‍ പണിക്കാര്‍ സമൃദ്ധമായി ജീവിക്കുമ്പോള്‍ തന്റെ കുടുംബം പട്ടിണി കിടക്കാനിടവരല്ലേ എന്ന പ്രാര്‍ഥനയിലും പ്രയത്‌നത്തിലുമായിരിക്കും എന്നും, ഗള്‍ഫുകാരനെന്ന 'പേരുദോഷം' ഏറ്റുവാങ്ങിയവരില്‍ പലരും.
എന്ത് പണിയായാലും നാലു കാശുണ്ടാക്കണമെന്ന് ചിന്തിച്ചാണ് പലരും പ്രവാസത്തിലേക്ക് പറക്കുന്നത്. സ്വപ്നങ്ങളുടെ മായാവാഹനത്തില്‍ ആകെയുള്ള സമ്പാദ്യം പോലും വിറ്റു പൊറുക്കി യാത്രയാകാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. മുട്ടയില്‍ നിന്നു വിരിയുമ്പോഴേക്കും ഗള്‍ഫിലേക്ക് വണ്ടി കയറാമെന്ന ചിന്ത നാം മലയാളികള്‍ക്കിടയില്‍ മാത്രമേ ഉള്ളുവെന്ന് തോന്നുന്നു. ഒരിക്കല്‍ ഒരു പാകിസ്താനി സരസമായി ചോദിച്ചത്, മലയാളികള്‍ എല്ലാവരും വീടടച്ച് ഇവിടെയെത്തിയിരിക്കുകയാണോ എന്നാണ്. പ്രവാസം മാത്രം ജീവിതസ്വപ്നമായി കൊണ്ടുനടക്കുന്ന മലയാളിയെ അങ്ങനെയാക്കിയെടുത്തതില്‍ സര്‍ക്കാറുകളും കൂട്ടുപ്രതികളാണ്. ഈയിടെ നടന്ന ചര്‍ച്ചയില്‍ നാട്ടില്‍ മത്സ്യക്കച്ചവടമോ തട്ടുകടയോ നടത്തുന്നതിനെ കുറിച്ചാണ് ഒരാള്‍ തന്റെ ഗൗരവാലോചന പങ്കുവെച്ചത്. ഇത് നാട്ടില്‍ വെച്ച് അന്നേ ആലോചിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെട്ടുപോയേനെ എന്ന് ഈയുള്ളവന്‍ പറഞ്ഞത് എല്ലാവരിലും ചിരിപടര്‍ത്തി.
പല കണക്കുകൂട്ടലിലുമാണ് പ്രവാസികള്‍ ജീവിക്കുന്നത്. എന്നാല്‍, പ്രധാനലക്ഷ്യങ്ങള്‍ തീര്‍ന്നാലും തിരികെ പോകാനാവാത്ത വിധത്തിലുള്ള മാന്ത്രികവലയത്തില്‍ ആയിട്ടുണ്ടാവും അവന്‍. ഇതിന് പല കാരണങ്ങളുണ്ട്. ജീവിതഘട്ടങ്ങള്‍ക്കനുസരിച്ച് വളരുന്ന ഉത്തരവാദിത്വങ്ങള്‍. ജീവിതശൈലീ മാറ്റത്തില്‍ നിന്നുത്ഭൂതമാകുന്ന പുതിയ ബാധ്യതകള്‍. അകശൂന്യത പുറമെ കാണിക്കാതിരിക്കാനുള്ള വ്യഗ്രത. നാടുമായി തൊഴില്‍പരമായും സാമൂഹിപരമായുമുള്ള അന്യവത്കരണം തുടങ്ങിയവ.
പ്രവാസിയെ പിഴിയാനല്ലാതെ ആപത് ഘട്ടങ്ങളില്‍ അവനെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കാറില്ല. സുഊദി അറേബ്യയിലെ നിതാഖാത്ത് അവര്‍ രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണ്. ഇതുവരെ ഇക്കാര്യത്തില്‍ ബോധവത്കരണത്തിനോ നിയമസുരക്ഷക്കോ മുതിരാതിരുന്നവര്‍ പെട്ടെന്നെന്തോ സംഭവിച്ചതുപോലെ ഇളകിമറിയുന്നത് 
കണ്ടാല്‍ ചിരിയാണുവരിക.
ഗള്‍ഫ് പ്രവാസികളെകുറിച്ച് സര്‍ക്കാറിന്റെ പക്കല്‍ ഒരു കണക്കും വ്യവസ്ഥയും ഇപ്പോഴുമില്ലെങ്കിലും ഒരു വ്യവസ്ഥയുമില്ലാതെ കണക്കിന് പറ്റിക്കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചുവരുന്നത്. അതുകൊണ്ടാണ് നിയമപ്രശ്‌നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന പ്രവാസിയെ നോക്കി ആശങ്കപ്പെടേണ്ടെന്ന് പറയാന്‍ അധികാരികള്‍ക്ക് ചങ്കൂറ്റമുണ്ടായത്. അവിടെയും ആശ്വസിക്കാന്‍ അപരിഷ്‌കൃത സമൂഹമെന്ന് നമ്മള്‍ തന്നെ വിളിച്ചുശീലിച്ച ഗള്‍ഫ് ഭരണാധികാരികളുടെ ഔദാര്യം തന്നെ വേണ്ടിവന്നു. 
പ്രശ്‌നങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ പുനരധിവാസത്തെ കുറിച്ച് വാചാടോപം നടത്തുന്നവര്‍ കാര്യമായെന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരാണോ? എന്ത് സംവിധാനമാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്? നിതാഖാത്തിന്റെ പശ്ചാത്തലത്തില്‍ പിടിക്കപ്പെടുന്നവരെ നാട്ടിലെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുമെന്നാണ് ഉത്തരവാദപ്പെട്ട മന്ത്രി പറഞ്ഞത്. ടിക്കറ്റിന് പണമില്ലാത്തതാണോ അവരുടെ പ്രശ്‌നം? പ്രതിസന്ധി മുതലെടുത്ത്, തൊട്ടുടനെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് നെടുങ്ങനെ ഉയര്‍ത്തി സഹായിക്കുകയും ചെയ്തു!
മുമ്പെങ്ങുമില്ലാത്ത വിധം ഭാവി ആശങ്കകള്‍ പ്രവാസികളെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. പ്രവാസചരിത്രത്തില്‍ ഇതുവരെ അനുഭവിക്കാത്ത ഒരു തീക്ഷ്ണ പരീക്ഷണഘട്ടത്തിലാണവര്‍. അതത് ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണത്തിന് ശക്തിപകരുന്ന നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കുന്നു. സുഊദിയും കുവൈത്തും മാത്രമല്ല ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും തൊഴില്‍ മേഖലയില്‍ തങ്ങളുടെ പൗരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കിവരികയാണ്. വിദേശകുടിയേറ്റം മൂലം തൊഴില്‍ ലഭ്യത കുറഞ്ഞെന്ന തദ്ദേശീയരുടെ പരാതിയും, പുതിയ പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷിതത്വം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതുമാണ് അവിടത്തെ ഭരണാധികാരികളെ സ്വദേശിവത്കരണത്തിന് നിര്‍ബന്ധിതരാക്കുന്നത്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലാണ് അവിദഗ്ധ തൊഴിലാളികളുള്ളത്. 
തല്‍ക്കാലം ആശ്വാസത്തിന് വകയുണ്ടെങ്കിലും വലിയ അളവില്‍ മലയാളികള്‍ പ്രവാസം മതിയാക്കി തിരിച്ചെത്താനുള്ള സാധ്യത വിദൂരമല്ലെന്നിരിക്കെ, ആ സാഹചര്യത്തെ മറികടക്കാന്‍ ഭരണാധികാരികള്‍ കാര്യമായ മുന്നൊരുക്കങ്ങള്‍ ചെയ്‌തേ തീരു. വിദേശത്തെ തൊഴില്‍ വഴി നേടിയെടുത്ത പ്രാവീണ്യം കേരളത്തിന്റെ വികസനസാധ്യതകള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പഠനങ്ങളായിരിക്കണം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. പ്രവാസിമലയാളികളുടെ നിക്ഷേപത്തിലൂടെ പുതിയ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുത്തിയാല്‍ മുതലിറക്കുന്നവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്കും തൊഴില്‍ നേടാനാകും. ഇതിന് വിദഗ്ധതലത്തില്‍ തന്നെ ചര്‍ച്ച നടക്കട്ടെ.