അയേണ്‍ ബോക്സ്

അകത്ത് നീറ്റിയ കലിപ്പുമായ്
ശീലക്കേടുകളുടെ
ചുളിവുകളുടക്കാനുള്ള
യന്ത്രനിയോഗം

കുഴല്‍ താണ്ടി വരും
കനലില്‍ സ്വയം വെന്ത്
മേശപ്പലകയില്‍ മലര്‍ന്നുകിടക്കും
ശീലയില്‍ നിരങ്ങി,
കുടഞ്ഞിട്ട വേര്‍പ്പുകള്‍
നക്കിത്തുവര്‍ത്തി
ചുട്ടാവി ചുരത്തി
പുകഞ്ഞ് കയര്‍ത്ത്
നിംനോന്നതങ്ങളില്‍ അമര്‍ന്ന്...

എന്നുമെന്നും ഏമാന്റെ
നിവര്‍ത്താനാകാത്ത
ചുക്കിയ തൊലിപ്പുറം
മറച്ചുവെക്കുവാനെത്രയും
തുണിമടക്കുകള്‍ തിരുത്തണം,
പിന്നെയും മുളക്കും ചുളിവുകളോട്
നിരന്തരം കയര്‍ത്തുകൊണ്ടിരിക്കണം

നൂല്‍ബന്ധമഴിഞ്ഞ്
ഇഴകള്‍ക്കിടയില്‍ നിന്നും

നാണം ചോരുവോളം ഇതു തുടരണം.

5 അഭിപ്രായങ്ങൾ:

  1. കൊള്ളാം ..ഇഷ്ടമായി.
    ഈ വേര്‍ഡ്‌വെരിഫിക്കേഷന്‍ വല്ലാത്ത ബുദ്ധിമുട്ടാണ് -ഒഴിവാക്കിക്കൂടെ !

    മറുപടിഇല്ലാതാക്കൂ
  2. ജീവൻ നൽകുന്ന, ജീവനില്ലാത്ത അണിയറപ്രവർത്തകർ.!

    നല്ല കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ