പക

പക

എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ ഓടിയെത്തിയത്. ചേച്ചി കളിച്ചുകൊണ്ടിരുന്ന കോലായയിൽ നിന്നാണ് ശബ്ദം. ഓടിച്ചെന്ന് നോക്കിയപ്പോൾ ചേച്ചി പേടിച്ച് നിലവിളിക്കുകയാണ്. ഇടക്ക് ഒരുഭാഗത്തേക്ക് കൈ ചൂണ്ടുന്നുമുണ്ട്. നോക്കുമ്പോഴുണ്ട് അച്ചൻ ബോംബെയിൽ നിന്നും കൊണ്ടുവന്ന  കളിപ്പാട്ടമായ ട്രെയിൻ പൊട്ടിത്തകർന്ന് കിടക്കുകയാണ്. ചേച്ചിക്ക് സമാധാനമായിക്കോട്ടെ എന്ന് കരുതി, ചിതറിയ കഷ്ണങ്ങൾ പൊറുക്കിക്കൂട്ടാൻ തുടങ്ങി. എങ്ങിനെയെങ്കിലും ഇണക്കിയെടുക്കാനാകുമോ എന്നാണ് എന്റെ മനസ്സിൽ.
ശബ്ദം കേട്ട് എവിടെ നിന്നോ അച്ചനും പിറകെ വരുന്നുണ്ടായിരുന്നു. വന്ന് നോക്കുമ്പോൾ കാണുന്നത്, ചേച്ചി ഞാൻ കുനിഞ്ഞിരിക്കുന്ന ഭാഗത്തേക്ക് ചൂണ്ടുകയും കരയുകയും ചെയ്യുന്നതാണ്.
അച്ചന് ഒട്ടും താമസിച്ചില്ല, എന്റെ കൈയിൽ പിടിച്ച് ആഞ്ഞുവലിച്ച് തളളിമാറ്റി അലറി: നശിപ്പിച്ചോടാ നീ...!

ആട്ടുമ്പൂട്ട

സ്നേഹത്തിന്റെ അപ്പമൊരുക്കി എന്നും വിളിക്കും ആട്ടുമ്പൂട്ട. പാത്തുംബീവിത്താ എന്ന് ഉമ്മ പലവട്ടം പറഞ്ഞുതന്നിട്ടും വഴങ്ങാതിരുന്ന എന്റ്റെ നാവ് സ്വയം സ്വീകരിച്ചതാണ് ആട്ടുമ്പൂട്ടയെന്ന വിളിപ്പേർ.

രുചികരമായ ഭക്ഷണമൊരുക്കി സ്നേഹത്തിന്റെ ശാസനയോടെ തീറ്റിയിരുന്നു അവര്‍. കുലീനയായ അവർ ഉമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് എന്നെയും ഇത്തയെയും‍ ഇത്രമാത്രം പരിഗണിച്ചതെന്ന് അന്നും പിന്നീടും എനിക്ക് മനസ്സിലായിട്ടുണ്ട്.

വല്ലാതെ ഉറച്ച അയല്‍‌പക്ക‍ബന്ധമായി അത് വളരുകയും ചെയ്തു. സ്വന്തം ബന്ധുക്കളെക്കാൾ വളർന്ന ബന്ധം...

കഥയിലേക്ക് വരാം. മെടയാത്ത ഓലകൊണ്ടുളള വേലികൾ വ്യാപകമായിരുന്ന കാലമാണത്. ആട്ടുമ്പൂട്ടയുടെ വീടിന് ചുറ്റിലും ഇതുപോലെ വേലിയുണ്ട്.

ഒരിക്കൽ ആട്ടുമ്പൂട്ടയുടെ വീടിന്റെ മുൻ വശത്തെ കോലായിൽ കളിച്ചുകൊണ്ടിരിക്കെ ഞാൻ ഉറക്കെ വിളിച്ചു: ആട്ടുമ്പൂട്ടാ....

വിളികേട്ട് ആട്ടുമ്പൂട്ട ഓടിയെത്തി,‍ എന്താണെന്ന് ചോദിച്ചു. (മുൻ വശത്തെ വേലിയുടെ വിടവിലൂടെ ഒരു ചാത്തന്‍ കോഴി വരുന്നത് കണ്ടതാണ് കാര്യം!) ഞാന്‍ പക്ഷെ ആട്ടുമ്പൂട്ടയോട് പറഞ്ഞത് ഇങ്ങിനെയാണ്: ആട്ടുമ്പൂട്ടാ ആട്ടങ്കോഴി ഊട്ടേക്കൂടെ വര്‌ണ്‌ട്ടാ....!

ഗാസ

കരയുന്നിതേ ഞങ്ങള്‍ക്കു നിങ്ങള-
ക്കരയില്‍ തീനാമ്പുകള്‍ ചൂഴവെ
ഞങ്ങള്‍ പൊഴിയും കണ്ണുനീര്‍ ബലിയല്ല
കുഞ്ഞുമക്കളോടനുതാപമല്ല,
തീനാവുകള്‍ക്കപ്പുറം പുതുപുലരി
കിനാവിലെഴുതും വിശ്വാസദാര്‍ഢ്യമേ.

പകലിരവുകളീ ചെറുചിന്തില്‍
നിദ്രകള്‍ വെടിഞ്ഞ് നില്‍ക്കവെ
ആ മതിലിടുക്കതിലുദ്വേഗവേളകള്‍
ദിനചര്യയായ് നീറിക്കഴിയവെ
ഞങ്ങള്‍ തേടുമുദാത്തലക്ഷ്യം
തീതുപ്പി മുടക്കിയാരുവന്നാലും
കനലിലെരിയാത്ത കരളുറപ്പിന്റെ
മിഴിപറത്തിയരിഞ്ഞു വീഴ്ത്തിടും.

വാവിട്ടുകരയുന്ന പുലരികളുരിയാടി:
ഭീരുത്വമാര്‍ന്നൊരക്രമിസംഘമേ
മരണത്തെ ഞങ്ങക്കു പേടിയില്ല
കൂടെപ്പിറന്നവരുണ്ണികളരുമക-
ളുറ്റവര്‍ വേര്‍പെടും നൊമ്പരം മാത്രം.

ജന്തു

ജന്തു

ഉളളിൽ ഒരു ജന്തു
നുണയാനെന്തെങ്കിലും
പരതിനടക്കുകയാണ്...

ദിനവൃത്താന്തങ്ങൾ
ചർദ്ദിക്കുന്ന പലതും
അശ്ലീലങ്ങളെന്ന്
നെറ്റിചുളിക്കുമ്പോഴും
ഉഷ്ണസുഖത്തിന്റെ
വേരുകള്‍ പൊട്ടും
ആ ജന്തുവില്‍.

അക്രമം, ക്രൂരത
എന്നൊക്കെയുളള
ഭംഗിവാക്കുകള്‍ക്കുളളിൽ
അകപ്പായസം ഉണ്ണാനിരിക്കും...

ഈ ജന്തുവിന് വേണ്ടിയാണ്
അടരാടുന്നതെന്നത്രെ
വിപണിമൂല്യങ്ങള്‍ പെറ്റിട്ട
ദൃശ്യമാധ്യമസല്‍ക്കാരങ്ങള്‍...

ഈ ജന്തുവിനാണ്
അങ്ങാടിവായ്താരികൾ
നാഴികതോറും
ഊറ്റം കൊളളുന്നത്!

സാഹചര്യത്തിന്റെ
കൂട്ടിക്കൊടുപ്പുകളിൽ
അജീർണം പിടിച്ച ആ ജന്തു,
ഒരിക്കൽ പുറംകാറ്റ്
കൊളളാനിറങ്ങുമ്പോഴാണ്
സദാചാരം മാനഭംഗത്തിന്
ഇരയാവുന്നത്...

അടിവേരുകാണാത്ത
സാമൂഹ്യപശ്ചാത്തലത്തില്‍
അന്നും ഉണ്ടാവും
ധാർമികപാഠങ്ങളുടെ
ഉൽഘോഷണങ്ങളും
മാധ്യമ സംവാദങ്ങളും!!

വിവര്ത്തനം ചെയ്യാനാവാത്തത്

വ്യഥകളില്‍ പൂക്കുകയും
സ്വപ്നങ്ങളിൽ രമിക്കുകയും
ചെയ്യുന്നതാണ് പ്രവാസം.

ഒടുവിലും ഒടുങ്ങാത്ത
യാത്രയിൽ
ഭഗ്നാശകളുടെ
ചുമട് തലക്ക് വെച്ച്
ഉറങ്ങാതെ ഉറങ്ങുവാൻ
പതിയെ അവന്‍ പരുവപ്പെടും.

സ്ഥലകാലങ്ങള്‍ വിവര്‍ത്തനം
ചെയ്യപ്പെട്ടാലും
ആകാരവേഷങ്ങളെ
അലങ്കാരം ആവാഹിച്ചാലും
ഈ നൊമ്പരത്തിന്
കടുത്തനിറം തന്നെ പഥ്യം!

അയേണ്‍ ബോക്സ്

അകത്ത് നീറ്റിയ കലിപ്പുമായ്
ശീലക്കേടുകളുടെ
ചുളിവുകളുടക്കാനുള്ള
യന്ത്രനിയോഗം

കുഴല്‍ താണ്ടി വരും
കനലില്‍ സ്വയം വെന്ത്
മേശപ്പലകയില്‍ മലര്‍ന്നുകിടക്കും
ശീലയില്‍ നിരങ്ങി,
കുടഞ്ഞിട്ട വേര്‍പ്പുകള്‍
നക്കിത്തുവര്‍ത്തി
ചുട്ടാവി ചുരത്തി
പുകഞ്ഞ് കയര്‍ത്ത്
നിംനോന്നതങ്ങളില്‍ അമര്‍ന്ന്...

എന്നുമെന്നും ഏമാന്റെ
നിവര്‍ത്താനാകാത്ത
ചുക്കിയ തൊലിപ്പുറം
മറച്ചുവെക്കുവാനെത്രയും
തുണിമടക്കുകള്‍ തിരുത്തണം,
പിന്നെയും മുളക്കും ചുളിവുകളോട്
നിരന്തരം കയര്‍ത്തുകൊണ്ടിരിക്കണം

നൂല്‍ബന്ധമഴിഞ്ഞ്
ഇഴകള്‍ക്കിടയില്‍ നിന്നും

നാണം ചോരുവോളം ഇതു തുടരണം.